കുരുമുളകിനും കൊപ്രയ്ക്കും വില ഇടിഞ്ഞു, ആശ്വാസമായി റബർ

ശീതകാല ആവശ്യങ്ങൾക്കായി ഉത്തരേന്ത്യൻ സ്റ്റോക്കിസ്റ്റുകളും സുഗന്ധവ്യഞ്ജന വ്യവസായികളും കുരുമുളക് സംഭരണം തുടരുന്നതിനിടയിൽ കുരുമുളക് വില ഇന്ന് ഇടിഞ്ഞു. ദീപാവലി വേളയിൽ ആരംഭിച്ച അധിക വാങ്ങൽ ആഭ്യന്തര വിപണിക്ക് പിന്തുണ പകരുന്നതിനിടയിലാണ് പെട്ടെന്ന് കുരുമുളക് വില ക്വിന്റലിന് 200 രൂപ ഇടിഞ്ഞത്. ഒരു വശത്ത് ശീതകാല ആവശ്യകത വർധിക്കുന്നത് വിപണിയെ കൂടുതൽ സജീവമാക്കി.കുരുമുളകിന്റെ ലഭ്യതക്കുറവ് ഉയർന്ന വിലയ്ക്ക് അടിത്തറ പകരുമെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. അതേസമയം കുരുമുളക് വില സർവകാല റെക്കോർഡിലേക്ക് പ്രവേശിച്ചതോടെ ഉത്തരേന്ത്യൻ വ്യാപാരികൾ ചരക്ക് സംഭരണത്തിൽ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.
ഇതിനിടെ ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതി സാധ്യത ആശങ്കയുളവാക്കുന്നു. ഇന്ത്യൻ വിലയേക്കാൾ ടണ്ണിന് 1000 ഡോളർ കുറച്ചാണ് അവർ ചരക്ക് വാഗ്ദാനം ചെയ്തത്. മസാല നിർമാതാക്കളുടെ മനോഭാവത്തെ അടിസ്ഥാനമാക്കിയാവും വിപണിയുടെ അടുത്ത ചലനങ്ങൾ.
ആഭ്യന്തര, വിദേശ വിപണികളിൽ ഏലത്തിന് ആവശ്യക്കാരുണ്ടെങ്കിലും ലേല കേന്ദ്രങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ നിരക്ക് കുറയുന്നു. ശരാശരി ഇനങ്ങൾ കിലോയ്ക്ക് 2803 രൂപയായും വലിപ്പം കൂടിയ ഇനങ്ങൾ 3584 രൂപയിലും കൈമാറി. രാജ്യാന്തര വിപണിയിൽ ഗ്വാട്ടിമാല സജീവമാണ്. ന്യൂ ഇയർ ഓർഡറുകൾ കരസ്ഥമാക്കാൻ അവർ താഴ്ന്ന നിരക്കിൽ ചരക്ക് വാഗ്ദാനം ചെയ്തു. ഗ്വാട്ടിമാല ജനുവരി–സെപ്റ്റംബർ കാലയളവിൽ 17,910 ടൺ ഏലം കയറ്റുമതി നടത്തി. കേരളത്തിലും തമിഴ്നാട്ടിലും കൊപ്രയ്ക്ക് തളർച്ച നേരിട്ടു. കാങ്കേയത്തെ വൻകിട മില്ലുകാർ വെളിച്ചെണ്ണ വിലയിൽ മാറ്റം വരുത്തിയില്ലെങ്കിലും കൊച്ചിയിൽ എണ്ണയ്ക്കും കൊപ്രയ്ക്കും 100 രൂപ കുറഞ്ഞു. എണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് മങ്ങിയതാണ് കൊപ്ര സംഭരണത്തിൽ നിന്ന് വ്യവസായികളെ പിന്തിരിപ്പിക്കുന്നത്. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് ഷീറ്റ് വില കിലോയ്ക്ക് 267 രൂപയായും അഞ്ചാം ഗ്രേഡ് 262 രൂപയായും ഉയർത്തി. വിദേശത്തും നിരക്ക് അൽപ്പം ഉയർന്നു.

















































































































































