പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മകനൊപ്പം താമസിച്ചിരുന്ന സ്ത്രീ മരിച്ചനിലയിൽ: കടുത്ത ടിബി രോഗം ബാധിച്ച് ആഹാരം കഴിക്കാനാകാതെ മരണമെന്ന് സൂചന

കുമളി ∙ മകനൊപ്പം താമസിച്ചിരുന്ന വിധവയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കുമളി താമരക്കണ്ടത്ത് ചെറുകവലയിൽ പരേതനായ നാരായണന്റെ ഭാര്യ നാഗമ്മാൾ (56) ആണ് മരിച്ചത്. ശരീരം ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലാണ് ഇവരെ കണ്ടെത്തിയത്. കടുത്ത ടിബി രോഗം ബാധിച്ച് ആഹാരം പോലും കഴിക്കാനാവാതെയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന. ഒന്നര വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ വിഷാദരോഗവും ബാധിച്ച ഇവർക്ക് അയൽവാസികളുമായി ബന്ധമില്ലായിരുന്നു. തിങ്കളാഴ്ച രാത്രി മകൻ കണ്ണൻ എന്നു വിളിക്കുന്ന വേളാങ്കണ്ണി വീട്ടിൽ എത്തിയപ്പോൾ അമ്മ മരിച്ചു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് കണ്ണൻ വിവരം അറിയിച്ചതനുസരിച്ച് അയൽവാസികളെത്തി പൊലീസിൽ വിവരം അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം കുമളി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

















































































































































