ചക്കക്കൊമ്പൻ ദൗത്യത്തിന് തുടക്കമായി; 140 അംഗ സംഘം രംഗത്ത്; ആനയെ സുരക്ഷിതമായി പിടികൂടാനുള്ള നീക്കം തുടരുന്നു

ചിന്നക്കനാൽ മേഖലയിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ചക്കക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യത്തിന് ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ തുടക്കമായി. വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകൾ (ആർ.ആർ.ടി), എലിഫന്റ് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിലെ 140 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.ആനയിറങ്കൽ ഡാമിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന ആനയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയശേഷം മയക്കുവെടിവെക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് സംഘത്തിന്റെ നീക്കം. ആനയുടെ സാന്നിധ്യവും സാഹചര്യവും നിരീക്ഷിച്ച് അനുയോജ്യമായ സമയത്ത് തുടർനടപടികൾ സ്വീകരിക്കും. ഉച്ചയോടെ ദൗത്യം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിലാണ് ദൗത്യത്തിന്റെ ബേസ് ക്യാമ്പ് പ്രവർത്തിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർഡുകളിലെ അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദൗത്യമേഖലയിലും സമീപപ്രദേശങ്ങളിലും ഡ്രോൺ ക്യാമറകൾ, നൈറ്റ് ക്യാമറകൾ, ക്യാമറ ട്രാപ്പുകൾ എന്നിവയുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്.
മയക്കുവെടിവെക്കുന്ന സമയത്ത് ആന പ്രകോപിതനായി ജനവാസ മേഖലയിലേക്ക് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണം. അനാവശ്യമായി വീടുകളിൽനിന്ന് പുറത്തിറങ്ങുകയോ ദൗത്യമേഖലയിലേക്ക് പോകുകയോ ചെയ്യരുത്. ആനയെ കാണുന്നതിനായി ആളുകൾ കൂട്ടംകൂടി നിൽക്കരുത്. വനംവകുപ്പും പോലീസും നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അടിയന്തര സാഹചര്യം നേരിടുന്നതിനായി ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രം, അടിമാലി താലൂക്ക് ആശുപത്രി, ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രം, ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രം, മൂന്നാറിലെ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളിൽ ഡോക്ടർമാർ, നഴ്സിങ് ജീവനക്കാർ, ആംബുലൻസ് സൗകര്യം, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ദൗത്യം പൂർത്തിയാക്കി റേഡിയോ കോളർ ഘടിപ്പിച്ചശേഷം ആനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികളാണ് ലക്ഷ്യമിടുന്നത്.മൂന്നാർ ഡി എഫ് ഒ സാജു വർഗീസിന്റെ നേതൃത്തിലാണ് ദൗത്യം.
ദൗത്യത്തിന്റെ ഭാഗമായി നാല് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ 24 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഡോ. വിഷ്ണു ഓമനക്കുട്ടൻ ( വയനാട്),അർജുൻ സി.പി.(മലയാറ്റൂർ),അനൂപ മാത്യൂസ് (കോട്ടയം),
അശ്വിൻ കെ.എസ്. (ഷോള നാഷണൽ പാർക്ക്) എന്നിവരാണ് വെറ്ററിനറി ഡോക്ടർമാർ.അനുമോദ് എൻ ( വയനാട്),ബിനോയ് സി. ബാബു ( കോടനാട്),
സിദ്ധാർഥ് ശങ്കർ ( മൂന്നാർ),ഗോകുൽ പി. ( കോട്ടയം) എന്നിവരാണ് ഫീൽഡ് ഓഫീസർമാർ

















































































































































