ഉത്തരവാദിത്തബോധമാണ് ജീവിതത്തെ ധന്യമാക്കുന്നതെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ

ദൗത്യങ്ങളിലുള്ള ഉത്തരവാദിത്തമാണ് ജീവിതത്തെ ധന്യമാക്കുന്നതെന്നും പരസ്പരമുള്ള വിശ്വാസവും സഹകരണവും ആത്മാർപ്പണവുമാണ് കുടുംബങ്ങളെ ഭദ്രമാക്കുന്നതെന്നും ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. ഇടുക്കി രൂപത കുടുംബപ്രേഷിതത്വത്തിന്റെ ആഭിമുഖ്യത്തിൽ മുരിക്കാശ്ശേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ സംഘടിപ്പിച്ച ‘ജൂബിലേറിയൻസ് മീറ്റ് 2026’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാമ്പത്യജീവിതത്തിൽ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും സമർപ്പണത്തിന്റെയും ധന്യവർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളെ ആദരിക്കുന്നതിനായാണ് ജൂബിലി സംഗമം സംഘടിപ്പിച്ചത്.രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. കുടുംബപ്രേഷിതത്വത്തിന്റെ ചുമതലയുള്ള സിഞ്ചെല്ലൂസ് മോൺ. ജോസ് നരിതൂക്കിൽ ആശംസയർപ്പിച്ചു.
പൗരോഹിത്യത്തിന്റെയും സന്യാസത്തിന്റെയും ജൂബിലി ആഘോഷിക്കുന്നവരെയും വേദിയിൽ ആദരിച്ചു. സിൽവർ ജൂബിലേറിയനും മാതൃവേദി രൂപതാ പ്രസിഡന്റുമായ കൊച്ചുറാണി ജോസഫ് ജൂബിലേറിയന്മാരെ പ്രതിനിധീകരിച്ച് സംസാരിച്ചു.
മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച പ്രാർത്ഥനാനൃത്തം, മാർഗംകളി, പണിക്കൻകുടി ക്വീൻ മേരി പബ്ലിക് സ്കൂളിലെ വിദ്യാർഥികളുടെ നൃത്താവിഷ്കാരം, ജൂബിലി ആശംസാഗാനം എന്നിവ സമ്മേളനത്തിന് മിഴിവേകി. കുടുംബപ്രേഷിതത്വം രൂപതാ പ്രസിഡന്റ് അനൂപ് കുന്നേൽ നന്ദി രേഖപ്പെടുത്തി.
വിവാഹകൂദാശയുടെ പവിത്രതയും ക്രൈസ്തവ കുടുംബജീവിതത്തിന്റെ മഹത്വവും വിളിച്ചോതിയ സംഗമം ദാമ്പത്യവിശ്വസ്തതയുടെ ഉദാത്ത മാതൃകകൾക്ക് ആദരവേകുന്നതിനും കുടുംബബന്ധങ്ങളുടെ മൂല്യങ്ങൾ പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനുമുള്ള വേദിയായി മാറി.

















































































































































