ഇറാനു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക; പൗരന്മാർക്കും വ്യാപാര, ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ ട്രഷറി വകുപ്പ് ഉപരോധം

ഇറാനു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. എട്ട് ഇറാനിയൻ പൗരന്മാർക്കും ഇറാൻ, തുർക്കി, യുഎഇ, ഹോങ്കോങ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 22 വ്യാപാര, ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു. ഇറാന്റെ ആഗോള ‘ഷാഡോ ബാങ്കിംഗ് ‘ ശൃംഖലകളെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ഡസനില്‍ അധികം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അമേരിക്കന്‍ ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനിലെ സമ്പദ്വ്യവസ്ഥ തകർച്ചയിലാണെന്നും അവിടുത്തെ ഭരണാധികാരികൾ പരിഭ്രാന്തരാണെന്നും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇറാനിലെ ഷാഡോ ബാങ്കിംഗ് സംവിധാനമാണ്, പാപ്പരായ ഒരു ഭരണകൂടത്തിന്റെ അവസാന സാമ്പത്തിക ജീവനാഡിയാണ്. ഇത്തരം നിയമവിരുദ്ധ ശൃംഖലകളെ തകർക്കുന്ന നടപടികളുമായി ട്രഷറി വകുപ്പ് മുന്നോട്ടുപോകും അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള മറ്റൊരു സംഘർഷം താങ്ങാൻ മിഡിൽ ഈസ്റ്റിന് കഴിയില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി. ഇറാൻ വിഷയത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം. ചർച്ചാ പ്രക്രിയ പുനരാരംഭിക്കുന്നതിനായി ഖത്തർ ഇറാനുമായും യുഎസുമായും സഹകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നുവെന്നും ഖത്തർ പ്രധാനമന്ത്രി.
അതിനിടെ, ഇറാന്റെ വ്യവസ്ഥകൾ അംഗീകരിച്ചാൽ ഹോർമുസ് കടലിടുക്കിൽ ഉടനടി സുരക്ഷ പുനഃസ്ഥാപിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനെതിരെയുള്ള ഉപരോധം ചെറുക്കുന്നതിനാവശ്യമായ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. യുദ്ധവുമില്ല, സമാധാനവുമില്ല എന്ന നിലയിൽ ഇറാനിൽ അമേരിക്ക സൃഷ്ടിച്ചിരിക്കുന്ന സ്തംഭനാവസ്ഥയ്ക്ക് ഉടനടി പരിഹാരം കാണണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ് ആവശ്യപ്പെട്ടു.

















































































































































