San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

അയ്യപ്പസന്നിധിയിൽ വിരിയുന്ന വരകൾ; കറുപ്പിലും വെളുപ്പിലും ശബരിമലയുടെ ആത്മാവ് പകർത്തി മനോജ്



ചിലർ തൊഴിൽ ചെയ്യുന്നു, ചിലർ കല സൃഷ്ടിക്കുന്നു. എന്നാൽ ചെയ്യുന്ന തൊഴിലിനിടയിലെ ഓരോ ഇടവേളയും കലയ്ക്കായി മാറ്റിവെച്ച് ജീവിതത്തെ തന്നെ ഒരു ക്യാൻവാസാക്കി മാറ്റുന്നവരുണ്ട്. അത്തരത്തിലൊരാളാണ് പാലക്കാട് കുമരനെല്ലൂർ സ്വദേശി എം.വി. മനോജ്.

ശബരിമല സന്നിധാനത്തെ മണ്ഡലകാല സായാഹ്നങ്ങളിൽ മനോജിന്റെ വിരൽത്തുമ്പുകളിൽ വിരിയുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ്. അരവണ പാക്കിങ് പ്ലാന്റിലെ താത്കാലിക തൊഴിലാളിയായ മനോജ് ജോലിയുടെ തിരക്കുകൾക്കിടയിൽ ലഭിക്കുന്ന ഇടവേളകളിലാണ് അയ്യപ്പസന്നിധിയുടെ കാഴ്ചകൾ കടലാസിലേക്ക് പകർത്തുന്നത്.

പതിനെട്ടാംപടിയുടെ പവിത്രതയും സോപാനത്തിന്റെ ചൈതന്യവും കൊടിമരത്തിന്റെ പ്രൗഢിയും തുടങ്ങി ശബരിമലയുടെ ആത്മീയാന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന ഓരോ കാഴ്ചയും മനോജിന്റെ വരകളിൽ പുനർജനിക്കുന്നു. നിറങ്ങളുടെ ആർഭാടമില്ല. കറുപ്പും വെളുപ്പും മാത്രം. പക്ഷേ, ആ വരകളിൽ നിറയുന്നത് ശബരിമലയുടെ ആത്മാവും വിശ്വാസത്തിന്റെ നിറവുമാണ്. ചിത്രങ്ങളിലെ മൗലികതയും സൂക്ഷ്മതയുമാണ് മനോജിന്റെ കലാസൃഷ്ടികളെ വേറിട്ടതാക്കുന്നത്.

ആറാം വയസ്സിൽ തുടങ്ങിയതാണ് ചിത്രങ്ങളോടുള്ള ഈ പ്രണയം. ഫൈൻ ആർട്സ് കോളേജിൽ നിന്ന് പെയിന്റിങ്ങിൽ ഡിപ്ലോമ നേടിയ മനോജ് ഇന്ന് ഫ്രീലാൻസ് ചിത്രകാരനാണ്. മ്യൂറൽ പെയിന്റിങ്ങും പോർട്രെയിറ്റ് പെയിന്റിങ്ങുമൊക്കെയായി കലാലോകത്ത് സ്വന്തമായ ഇടം കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ മനോജിന്റെ ജീവിതവഴികൾ അത്രമേൽ എളുപ്പമായിരുന്നില്ല. ജീവിതപ്രാരാബ്ധങ്ങൾ പഠനത്തിന് തടസ്സമായപ്പോൾ പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് മുംബൈയിലേക്ക് വണ്ടികയറിയ നാളുകളുണ്ടായിരുന്നു. പക്ഷേ, മകന്റെ ഉള്ളിലെ കലാകാരനെ തിരിച്ചറിഞ്ഞ അച്ഛൻ അവനെ തിരിച്ചുവിളിച്ചു. പഠനം തുടരാൻ പ്രേരിപ്പിച്ചു. തന്റെ കലാജീവിതത്തിന് വഴികാട്ടിയായത് അച്ഛനാണെന്ന് മനോജ് നന്ദിയോടെ ഓർക്കുന്നു.

ജനുവരി 20 വരെ അരവണ പാക്കിങ് പ്ലാന്റിൽ മനോജിന് ജോലിയുണ്ട്. അയ്യപ്പസന്നിധിയിൽ ജോലി ചെയ്യാൻ ലഭിച്ച അവസരത്തെ ജീവിതത്തിലെ മഹാഭാഗ്യമായാണ് അദ്ദേഹം കാണുന്നത്. ജോലിക്കിടയിലെ ഓരോ ഇടവേളയും ഇപ്പോൾ മനോജിന് കലയുടെ ഉത്സവമാണ്. അയ്യപ്പസ്വാമിയുടെ പൂങ്കാവനത്തിൽ നിന്ന് മനസ്സിൽ പതിയുന്ന കാഴ്ചകൾ വരകളിലൂടെ പകർത്തുകയാണ് അദ്ദേഹം.

സന്നിധാനത്തുനിന്ന് ഹൃദയത്തിൽ ചേർത്തുവെച്ച ഈ ചിത്രങ്ങൾ ഒരുനാൾ പ്രദർശനമായി കലാസ്വാദകരിലേക്ക് എത്തിക്കണമെന്നാണ് മനോജിന്റെ ആഗ്രഹം.വിശ്വാസത്തിന്റെ പുണ്യഭൂമിയിൽ തൊഴിലും കലയുമായി ജീവിതം ചേർത്തുവെക്കുന്ന മനോജിന് ഓരോ ചിത്രവും വെറുമൊരു വരയല്ല; അയ്യപ്പസന്നിധിയിൽ ലഭിച്ച അപൂർവ നിമിഷങ്ങളുടെ ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തൽ കൂടിയാണ്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button