ശബരിമലയിൽ ആരോഗ്യ വകുപ്പിൽ 19650 പേർ പരിശോധനയ്ക്ക് എത്തി;രക്ഷിച്ചത് 14 പേരുടെ ജീവൻ

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ഇതുവരെ ശബരിമലയിൽ ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട് ചെയ്തത് 19650 ഒ.പി കേസുകൾ. ഇതിൽ 7453 എണ്ണം സന്നിധാനത്തെ ഗവ. ആശുപത്രിയിലാണ്. 5373 കേസുകളിൽ ഇ.എം.സി (എമർജൻസി മെഡിക്കൽ സെന്റർ) കളിൽ നിന്ന് ചികിത്സ നൽകി. അടിയന്തര സ്വഭാവമുള്ള 82 കേസുകൾ ഇ.എം.സികളിൽ കൈകാര്യം ചെയ്തു. ശബരിമലയിൽ നിന്നുള്ള ആകെ വിദഗ്ധ ചികിത്സയ്ക്ക് അയച്ചത് 64 പേരെയാണ് .
ശബരിമലയിൽ ഉണ്ടായ ഹൃദയാഘാത കേസുകളിൽ 14 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി പത്തനംതിട്ട ജില്ലാ നോഡൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.കെ ശ്യാം കുമാർ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായ ഇടപെടലിന്റെയും ചികിത്സയുടെയും ഫലമായാണ് ജീവനുകൾ രക്ഷിക്കാൻ സാധിച്ചത്. ശബരിമലയിലെ ആരോഗ്യസംബന്ധമായ അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഹെൽത്ത് കൺട്രോൾ റൂമുമായി ബന്ധപ്പെടണം
(ഹോട്ട്‌ലൈൻ: 04735 203232).
സന്നിധാനം പോലീസ് കൺട്രോൾ റൂമിനെയും എമർജൻസി ഹെൽത്ത് കൺട്രോൾ റൂമിനെയും നേരിട്ട് ബന്ധിപ്പിക്കുന്നതിനായി പുതിയ ബിഎസ്എൻഎൽ ഹോട്ട്‌ലൈൻ കണക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ കൈമാറുന്നതിനുള്ള കാലതാമസം ഒഴിവാക്കാനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനും സംവിധാനം സഹായകരമാകും.

















































































































































