ഹൈക്കോടതി വിധി വിദ്യാർത്ഥികളുടെ പോരാട്ട വിജയം; മന്ത്രിയും സർക്കാരും വിസിയും മാപ്പ് പറയണമെന്ന് വി. ശിവൻകുട്ടി

കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി വിധി വിദ്യാർത്ഥികളുടെ പോരാട്ട വിജയമെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളോട് മാപ്പ് പറയാൻ ആജ്ഞാപിച്ച മന്ത്രിയും സർക്കാരും വിസിയും മാപ്പ് പറയണം. വിധി ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും വിജയമെന്നും വി. ശിവൻകുട്ടി പറഞ്ഞു. സംഘപരിവാർ താൽപര്യങ്ങൾക്ക് ഒത്താശ ചെയ്യുന്ന സർക്കാരിനും വിസിക്കും കോടതിയുടെ വിധി തിരിച്ചടിയാണെന്ന് അദേഹം കൂട്ടിച്ചേർത്തു.
നൂറിലേറെ ദിവസം നീണ്ടുനിന്ന വിദ്യാർഥികളുടെ നിയമ-സമര പോരാട്ടങ്ങൾക്ക് മുന്നിലാണ്, സർവകലാശാലയ്ക്ക് വൻ തിരിച്ചടിയേറ്റത്. നിരാഹാര സമരം അവസാനിപ്പിച്ച വിദ്യാർഥികൾ വി സി ഡോക്ടർ സിസാ തോമസിനും ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണിനുമെതിരെ വിമർശനങ്ങൾ ആവർത്തിച്ചു. കോടതി വിധി അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു.
വിധിയ്ക്ക് പിന്നാലെ സർവകലാശാലയ്ക്ക് മുന്നിലെ 22 ദിവസത്തെ നിരാഹാരസമരം വിദ്യാർഥികൾ അവസാനിപ്പിച്ചു. വിദ്യാർഥികളുടെ സമരം അപരിഷ്കൃതമെന്ന നിലപാടിൽ മന്ത്രി ഉറച്ചുതന്നെ. വിദ്യാർഥികൾക്ക് അനുകൂലമായ വിധി സർക്കാരിന്റെയും സർവകലാശാലയുടെയും മുഖത്തേറ്റ അടിയെന്ന് സി.പി.ഐ.എ.മ്മിന്റെ നേതാക്കൾ പ്രതികരിച്ചു.

















































































































































