ചിന്നക്കനാൽ ‘ഭരിക്കുന്ന’ ചക്കക്കൊമ്പൻ പിടികൊടുക്കുമോ? റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യത്തിന് തുടക്കം

അരിക്കൊമ്പനെ പിടികൂടി കാടുമാറ്റിയതിനു പിന്നാലെ ഇടുക്കി ജില്ല അടുത്ത ആന ദൗത്യത്തിലേക്ക് കടക്കുന്നു. ചിന്നക്കനാൽ മേഖലയിലെ കാട്ടാന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യത്തിന് വനംവകുപ്പിന്റെ അനുമതി ലഭിച്ചതിനു പിന്നാലെ ദൗത്യ നിർവഹണത്തിനായി രണ്ടു കുങ്കിയാനകളെ ജില്ലയിലെത്തിച്ചു. ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുമെങ്കിലും ചിന്നക്കനാലിൽ തന്നെ തുടരും. പക്ഷേ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലൂടെ അപകടങ്ങൾ കുറയ്ക്കാമെന്നാണ് വനംവകുപ്പ് നിരീക്ഷണം. അതിനിടെ ചക്കക്കൊമ്പന് റേഡിയോ കോളർ ഇടാനുള്ള ഉത്തരവിനു പിന്നാലെ മറ്റ് പ്രധാന കാട്ടാനകൾക്കും ഇതു ഘടിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 17 കാട്ടാനകളുള്ള ചിന്നക്കനാൽ മേഖലയിലെ പ്രായപൂർത്തിയായ ഏക കൊമ്പനാണ് ചക്കക്കൊമ്പൻ. പ്രായം 25. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ കൃഷിയിടത്തിലിറങ്ങി പ്ലാവിൽ നിന്നും ചക്ക പറിച്ച് തിന്നുന്നത് കൊണ്ടാണ് നാട്ടുകാർ ഇൗ ഒറ്റയാന് ചക്കക്കൊമ്പൻ എന്നു പേരിട്ടത്. പ്ലാവിൽ എത്ര ഉയരത്തിലാണ് ചക്കയെങ്കിലും തുമ്പിക്കൈ കൊണ്ടെത്തി പിടിച്ച് പറിച്ചെടുക്കുന്നതാണ് ചക്കക്കൊമ്പന്റെ രീതി. ചക്കക്കൊമ്പനെ ഭയന്ന് കൃഷിയിടങ്ങളിലെ പ്ലാവുകളിൽ ഒരു ചക്ക പോലും അവശേഷിപ്പിക്കാതെ വെട്ടി കളയുകയാണ് കർഷകർ ചെയ്യാറുള്ളത്.
എന്നിട്ടും ചക്ക തേടി കൃഷിയിടങ്ങളിലിറങ്ങുന്ന ചക്കക്കൊമ്പൻ ഏലവും മറ്റ് വിളകളും ചവിട്ടി നശിപ്പിക്കും. ചക്ക കൂടാതെ വാഴയും ചക്കക്കൊമ്പന്റെ ഇഷ്ട ഭക്ഷണമാണ്. 2020 വരെ ചക്കക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങുന്നത് വല്ലപ്പോഴുമായിരുന്നു. അരിക്കാെമ്പനെ ഭയന്നാണ് ചക്കക്കൊമ്പൻ കാടിനുള്ളിൽ തന്നെ കഴിഞ്ഞതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബർ 23ന് പന്തടിക്കളം സ്വദേശി വിജയനെ(47) കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്ത് ചക്കക്കൊമ്പനാണ്. 2024 സെപ്റ്റംബറിലാണ് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞത്. 2023 ഏപ്രിൽ 29ന് അരിക്കൊമ്പനെ പിടികൂടി കാട് മാറ്റുകയും മുറിവാലൻ കൊമ്പൻ ചെരിയുകയും ചെയ്തതോടെ ചിന്നക്കനാൽ മേഖലയിലെ പ്രായപൂർത്തിയായ ഏക കൊമ്പൻ ചക്കക്കൊമ്പനായി. പ്രായപൂർത്തിയാകാത്ത വേറെ 2 കുട്ടിക്കൊമ്പന്മാർ കൂടി ചിന്നക്കനാൽ മേഖലയിലുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ബിഎൽ റാമിലെ ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പൻ ആനയിറങ്കൽ ഡാമിന് സമീപമെത്തി. പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം ചക്കക്കൊമ്പൻ 301 കോളനി ഭാഗത്തേക്ക് വെള്ളത്തിലൂടെ നീന്തിയെത്തി. ഇവിടെ മീൻ പിടിച്ചു കൊണ്ടിരുന്ന ആളുകൾക്ക് ആർആർടി വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
ക്കക്കൊമ്പനെ തേടിയുള്ള ദൃത്യം ഇങ്ങനെ
കുങ്കിയാനകൾ
മുത്തങ്ങ ആന ക്യാംപിൽനിന്നു വിക്രം, ഭരത് എന്നീ കുങ്കിയാനകൾ ചിന്നക്കനാലിൽ എത്തി. ചക്കക്കൊമ്പന്റെ സമീപത്തേക്ക് എത്താനാണ് കുങ്കിയാനകളുടെ സേവനം ആവശ്യമായി വരിക. അരിക്കൊമ്പനെ കാടുകടത്തിയ ദൗത്യത്തിൽ വിക്രം ഉൾപ്പെടെ 4 കുങ്കിയാനകളാണു പങ്കെടുത്തത്.
മയക്കുവെടി
കൊമ്പനെ തുറസ്സായ സ്ഥലത്തെത്തിച്ചു മയക്കുവെടി വച്ചാൽ കുങ്കിയാനകളുടെ സഹായത്തോടെ റേഡിയോ കോളർ ഘടിപ്പിക്കും. തുടർന്നു പരിശോധനകൾക്കുശേഷം അവിടെത്തന്നെ തുറന്നുവിടും.
100 പേർ
മൂന്നാർ ഡിഎഫ്ഒ സാജു വർഗീസാണ് ഓപ്പറേഷൻ ലീഡർ. ഹൈറേഞ്ച് സിസിഎഫ് ഡി.കെ.വിനോദ്കുമാർ ഇൻസിഡന്റ് കമാൻഡറാണ്. 100 പേരാണു ദൗത്യത്തിൽ പങ്കെടുക്കുക.
ദൗത്യം തുറസ്സായ സ്ഥലത്ത്
ദൗത്യം പൂർത്തിയാക്കാൻ ചക്കക്കൊമ്പനെ തുറസ്സായ സ്ഥലത്തെത്തിക്കണം. സമീപത്തായി ജലാശയങ്ങളോ മലകളോ ഇല്ലെന്ന് ഉറപ്പാക്കും. വെടി കൊണ്ടശേഷം ഓടി അപകടം ഉണ്ടാകുന്നത് തടയുകയാണ് ലക്ഷ്യം.

















































































































































