നേരത്തെയെടുത്ത തീരുമാനം, പാറായിൽ വീട്ടില്‍ നിന്നു പഠനത്തിനായി നാലാമത്തെ മൃതദേഹവും; വള്ളിയമ്മയുടെ മൃതദേഹം ഇന്ന് കൈമാറും

നെടുങ്കണ്ടം ∙ മരണശേഷം ശരീരം മെഡിക്കൽ കോളജിനു നൽകാൻ തീരുമാനമെടുത്ത് ഒരു കുടുംബത്തിലെ മുഴുവൻ പേരും. തൂക്കുപാലം പാറായിലെ വള്ളിയമ്മയുടെ മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കൽ കോളജിനു കൈമാറുന്നതോടെ പാറായിൽ വീട്ടിൽ (വെള്ളത്തൂവൽ) നിന്നു വൈദ്യശാസ്ത്ര വിദ്യാർഥികൾക്കു പഠിക്കാൻ കൊടുക്കുന്ന മൃതദേഹങ്ങളുടെ എണ്ണം നാലാകും. ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകകുടുംബമായ തൂക്കുപാലം പാറായിൽ വീട്ടിലെ ഗൃഹനാഥനായ നീലകണ്ഠൻ ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകനായിരുന്നു. കുടുംബത്തിലെ എല്ലാവരും മരണശേഷം മൃതദേഹങ്ങൾ പഠനാവശ്യത്തിനായി വിട്ടുനൽകുമെന്ന തീരുമാനം നേരത്തേയെടുത്തിരുന്നു. പിന്നാലെ സമ്മതപത്രങ്ങൾ മെഡിക്കൽ കോളജിനു കൈമാറി. 1992ൽ മരിച്ച നീലകണ്ഠന്റെയും 2025ൽ മരിച്ച മകൻ മോഹന്റെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിനു കൈമാറി. മരുമകൻ നടരാജന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജിനു നൽകി. പ്രായാധിക്യത്തെത്തുടർന്ന് ഇന്നലെ മരിച്ച വള്ളിയമ്മയുടെ (94) മൃതദേഹം ഇന്നു 11ന് ഇടുക്കി മെഡിക്കൽ കോളജിന് കൈമാറും. നീലകണ്ഠന്റെ ഭാര്യയാണ് വള്ളിയമ്മ.

















































































































































