നഷ്ടപരിഹാരം നൽകണം

കട്ടപ്പന: വള്ളക്കടവിലെ മലയിടിച്ചിലിന് കാരണമായ വണ്ടൻമേട് കറുവാക്കുളത്തെ അനധികൃത പാറ ഖനനത്തിന് ഒത്താശ നൽകിയത് ഭരണകക്ഷി നേതാവാണെന്ന് കട്ടപ്പന ഏരിയ കമ്മിറ്റി. ഏലം കർഷകന്റെ മരണത്തിനിടയാക്കിയ അപകടത്തിനുകാരണം സമീപപ്രദേശത്തെ പാറഖനനവും വൻ സ്ഫോടനവുമാണെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അന്വേഷണ റിപ്പോർട്ട്. കറുവാക്കുളത്ത് ഏലച്ചെടികൾ പിഴുതുമാറ്റി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് വൻതോതിൽ പാറ പൊട്ടിച്ചതിന്റെ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഏലത്തോട്ടത്തിൽ കുളം നിർമിക്കാനാണെന്ന വ്യാജേനയാണ് പാറഖനനം നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്. മുമ്പ് നിർത്തിവച്ച ഖനനം പുനരാരംഭിക്കുന്നതിന് ഒത്താശ നൽകിയത് ഭരണകക്ഷി നേതാവാണ്. മഴയോ മറ്റ് പ്രകൃതിക്ഷോഭമോ ഇല്ലാതിരുന്നിട്ടും മലയിടിച്ചിലുണ്ടായത് വൻ സ്ഫോടനത്തെ തുടർന്നാണെന്നാണ് കണ്ടെത്തൽ. ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് സർക്കാരിനോ ജനപ്രതിനിധിക്കോ ഒഴിഞ്ഞുമാറാനാകില്ല. ഭരണകക്ഷിയിലെ ചിലരാണ് ഖനനത്തിന് മേൽനോട്ടം വഹിക്കുന്നതെന്നും വിവരമുണ്ട്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. അപകടത്തിൽ 10 ഏക്കർ സ്ഥലത്ത് കൃഷിനാശമുണ്ടായി. മരിച്ച കർഷകന്റെ കൃഷിയിടത്തിലും വൻതോതിൽ ഏലച്ചെടികൾ നശിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിനും മറ്റ് കർഷകർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഏരിയ സെക്രട്ടറി മാത്യു ജോർജ് ആവശ്യപ്പെട്ടു.

















































































































































