കർഷകർക്ക് കണ്ണുനീർ വിതച്ച് കാട്ടുപന്നികൾ: ആറ് വർഷത്തിനിടെ കൃഷിനാശം നേരിട്ട് 324 കർഷകർ

കട്ടപ്പന: ഇടുക്കിയിൽ കൃഷി ഭൂമികളിൽ കണ്ണീർ വിതച്ച് കാട്ടുപന്നികൾ. ജില്ലയിൽ ഹൈറേഞ്ചിലേയും ലോ റേഞ്ചിലേയും കാർഷിക മേഖലകളിലാണ് കാട്ടുപന്നികൾ നാശം വിതക്കുന്നത്. സംസ്ഥാന വനം വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ആറ് വർഷത്തിനിടെ ജില്ലയിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ കൃഷി നാശം നേരിട്ടത് 324 പേർക്കാണ്. ഇതോടൊപ്പം ആക്രമണത്തിൽ 18 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജില്ലയിൽ പാരിസ്ഥിതിക വ്യതിയാനമടക്കമുളള വിവിധ കാരണങ്ങളാൽ കാർഷിക മേഖല പ്രതിസന്ധിയിലാണ്. ഇതോടൊപ്പമാണ് കാട്ടുപന്നിയടക്കമുളള വന്യ ജീവികൾ നാട്ടിലിറങ്ങി നടത്തുന്ന വിളയാട്ടം. ലക്ഷ്യം കാണാതെ പ്രതിരോധ നടപടികൾ
ശീതകാല പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷി ചെയ്യുന്ന മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്. മറയൂരിലെ കരിമുട്ടിയിലും കാന്തല്ലൂർ പഞ്ചായത്തിലെ ഇടക്കടവ് ഭാഗത്തുമാണ് ഏറെ പ്രശ്നം.ഹൈറേഞ്ച് മേഖലയിലെ പ്രധാന കാർഷിക പഞ്ചായത്തായ കൊന്നത്തടിയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന പരാതികളുണ്ട്. കപ്പ, വാഴ, ഏലം തുടങ്ങിയ വിളകൾക്ക് വലിയ നാശനഷ്ടമാണ് ഇവിടെ ഉണ്ടാകുന്നത്. മേരികുളം മേഖലയിലും നെടുങ്കണ്ടം ഭാഗത്തും കാട്ടുപന്നി ആക്രമണങ്ങൾ രൂക്ഷമാണെന്ന് കർഷകർ പറയുന്നു. ഇടുക്കി വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന പൈനാവ്, ചെറുതോണി, കുളമാവ് മേഖലകളിലും തൊടുപുഴ, ഉടുമ്പൻചോല താലൂക്കുകളുടെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം കൂടുതലാണ്. കാടുമൂടി കിടക്കുന്ന സ്വകാര്യ തോട്ടങ്ങൾ പകൽസമയത്ത് കാട്ടുപന്നികളുടെ താവളമായി മാറുന്നതാണ് ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ പ്രധാന കാരണം. ജനവാസ മേഖലകളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നതിന് പുറമേ കാൽനടയാത്രികരുടേയും ഇരുചക്രവാഹനയാത്രികരുടേയും ജീവനും ഇവ ഭീഷണിയാകുന്നുണ്ട്. പാഞ്ഞെത്തി ആളുകളെ കുത്തിവീഴ്ത്തിയും രാത്രികാലങ്ങളിലടക്കം വാഹനങ്ങൾക്ക് കുറുകെ ചാടിയുമാണ് ഇവ ഭീതി വിതക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ 18 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സർക്കാർ രേഖ. ജനവാസകേന്ദ്രങ്ങളിൽ ഭീഷണിയാകുന്നയെ വെടിവച്ചുകൊല്ലാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് സർക്കാർ അധികാരം നൽകിയിരുന്നു. ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ കർഷകർക്ക് അതത് പഞ്ചായത്ത് ഓഫിസിൽ പരാതി നൽകിയാൽ അംഗീകൃത ഷൂട്ടർമാരുടെ സഹായം തേടുന്നതിനൊപ്പം കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരത്തിനായി വനംവകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴിയും അപേക്ഷിക്കാൻ സംവിധാനങ്ങളുമുണ്ട്. എന്നാൽ ഇത്തരം പ്രതിരോധ നടപടികളൊന്നും ലക്ഷ്യം കാണുന്നില്ലെന്നാണ് പരാതി













































































































































