കേരളത്തിൽ മാത്രം എന്തുകൊണ്ട് ഇടയ്ക്കിടെ പക്ഷിപ്പനി വരുന്നു? യാഥാർഥ്യം ഇതാണ്

കോഴിവളർത്തൽ കൂടുതലുള്ള മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി ഇല്ലെന്നും കേരളത്തിൽ മാത്രമാണ് ഇത് ഇടയ്ക്കിടെ ഉണ്ടാകുന്നതെന്നും കർഷകർക്കിടയിൽ ചിലർ പ്രചരണം നടത്തുന്നുണ്ട്. എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യമെന്നും പക്ഷിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനും എന്തൊക്കെ മാര്ഗങ്ങള് സ്വീകരിക്കണമെന്നുള്ള കാര്യങ്ങളെ കുറിച്ച് മണ്ണുത്തി വെറ്ററിനറി സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസറും യൂണിവേഴ്സിറ്റി പൗൾട്രി & ഡക്ക് ഫാം തലവനുമായ ഡോ ഹരികൃഷ്ണൻ എസ് എഴുതുന്നു. പക്ഷിപ്പനി എങ്ങനെയാണ് സ്ഥിരീകരിക്കുന്നത്?
പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിക്കുന്നതിന് രോഗലക്ഷണങ്ങൾ മാത്രം മതിയാകില്ല. ലബോറട്ടറി പരിശോധനയിലൂടെ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാൽ മാത്രമേ രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ.
ഏതെല്ലാം സാമ്പിളുകളാണ് ശേഖരിക്കുന്നത്?
ജീവനുള്ള പക്ഷികളിൽ നിന്ന് ഓറോഫറിഞ്ചിയൽ / ട്രക്കിയൽ സ്വാബ് (Oropharyngeal/Tracheal swabs) ക്ലോഅക്കൽ സ്വാബ് (Cloacal swabs) എന്നിവയും ചത്ത പക്ഷികളിൽ നിന്ന് ശ്വാസകോശം, ശ്വാസനാളം, ആന്തരിക അവയവങ്ങൾ തുടങ്ങിയവയുടെ സാമ്പിളികളുമാണ് ശേഖരിക്കുക. ആവശ്യമായ സാഹചര്യങ്ങളിൽ മറ്റ് അനുയോജ്യമായ ടിഷ്യൂ സാമ്പിളുകളും ശേഖരിക്കും.
പ്രധാന ലബോറട്ടറി പരിശോധനകൾ
- ആർആർടിപിസിആർ / rRT-PCR (Real-time Reverse Transcription PCR ) ടെസ്റ്റ്: Influenza A വൈറസിന്റെ RNA കണ്ടെത്തുന്നതിനുള്ള പ്രധാന പരിശോധനയാണിത്. H5, H7 തുടങ്ങിയ വൈറസ് ഉപവിഭാഗങ്ങളും N1 പോലുള്ള Neuraminidase ഉപവിഭാഗങ്ങളും അനുയോജ്യമായ പരിശോധനകളിലൂടെ തിരിച്ചറിയാം.
- വൈറസ് വേർതിരിക്കാൻ (Virus Isolation): അനുയോജ്യമായ ലബോറട്ടറി സാഹചര്യങ്ങളിൽ വൈറസിനെ വേർതിരിച്ചെടുക്കുന്നു. വൈറസിന്റെ കൂടുതൽ പഠനങ്ങൾക്കും സ്വഭാവനിർണയത്തിനും ഇത് സഹായിക്കുന്നു.
- ജീനോം സീക്വൻസിങ്: വൈറസിന്റെ ജനിതകഘടന പരിശോധിച്ച് അതിന്റെ വകഭേദം, ക്ലേഡ്, ജനിതക വ്യതിയാനങ്ങൾ, മറ്റ് വൈറസുകളുമായുള്ള ബന്ധം എന്നിവ മനസ്സിലാക്കാം.
- പത്തൊജനിസിറ്റി നിർണയം: വൈറസിന്റെ രോഗകാരകശേഷി (Pathogenicity) നിർണയിക്കുന്നതിന് Hemagglutinin protein-ന്റെ cleavage site ഉൾപ്പെടെയുള്ള ജനിതക സവിശേഷതകൾ പരിശോധിക്കുന്നു. ആവശ്യമായ സാഹചര്യങ്ങളിൽ മറ്റ് അംഗീകൃത പരിശോധനകളും നടത്തുന്നു.
ഇന്ത്യയിൽ എവിടെയാണ് പരിശോധന നടത്തുന്നത്?
ഇന്ത്യയിൽ പക്ഷിപ്പനി സംശയിക്കുന്ന സാമ്പിളുകൾ സംസ്ഥാനത്തെ അംഗീകൃത ലബോറട്ടറികളിൽ പ്രാഥമികമായി പരിശോധിക്കുകയും തുടർന്ന് സ്ഥിരീകരണത്തിനായി ഭോപ്പാലിലെ ഐസിഎആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് (ICAR-National Institute of High Security Animal Diseases) ലേക്ക് അയയ്ക്കുകയും ചെയ്യുന്നു.
കർഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു പക്ഷിക്കൂട്ടത്തിൽ അസാധാരണമായ മരണനിരക്ക് കാണുകയോ പെട്ടെന്ന് കൂടുതൽ പക്ഷികൾ ചത്തുവീഴുകയോ ചെയ്താൽ പക്ഷിപ്പനി സംശയിക്കണം. ഉടൻ മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിക്കുക. ആവശ്യമായ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാൻ നടപടി സ്വീകരിക്കുക. രോഗം സംശയിക്കുന്ന പക്ഷികളെയും അവയുടെ മുട്ടകളെയും തീറ്റയെയും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റരുത്. ഫാമിലേക്കുള്ള ആളുകളുടെയും വാഹനങ്ങളുടെയും പ്രവേശനം നിയന്ത്രിക്കുക. രോഗം സ്ഥിരീകരിക്കുന്നതുവരെ കാത്തുനിൽക്കാതെ തന്നെ ജൈവസുരക്ഷാ നടപടികൾ നടപടികൾ ശക്തമാക്കുക. പക്ഷിപ്പനി നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ-നിയന്ത്രണ മാർഗങ്ങൾ എന്താണ്?
പക്ഷിപ്പനി നിയന്ത്രണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് രോഗം നേരത്തേ തിരിച്ചറിയുകയും വൈറസ് മറ്റ് പക്ഷികളിലേക്ക് പടരുന്നത് തടയുകയും ചെയ്യുക എന്നതാണ്.
അതിനായി രോഗബാധിത പ്രദേശങ്ങളിൽ ശാസ്ത്രീയമായ നിയന്ത്രണ നടപടികൾ നടപ്പിലാക്കേണ്ടതുണ്ട്. രോഗബാധിത പ്രദേശങ്ങളിലെ നടപടികൾ രോഗബാധിത പക്ഷികളെയും അവയുമായി അടുത്ത സമ്പർക്കത്തിലായ പക്ഷികളെയും ഔദ്യോഗിക നിർദേശപ്രകാരം കള്ളിംഗ് ചെയ്യുക എന്നതാണ് ഏറ്റവും ആദ്യത്തേത്. രോഗബാധിത പ്രദേശത്തെ പക്ഷികൾ, മുട്ട, തീറ്റ, വളം, ഉപകരണങ്ങൾ എന്നിവയുടെ അനിയന്ത്രിത നീക്കം തടയുക.
രോഗബാധിത കേന്ദ്രത്തിന് ചുറ്റും രോഗബാധിത മേഖല, നിരീക്ഷണ മേഖല എന്നിവ പ്രഖ്യാപിക്കുക.
രോഗബാധിത പ്രദേശത്തെ വാഹനങ്ങൾ, കൂടുകൾ, ഉപകരണങ്ങൾ, കെട്ടിടങ്ങൾ എന്നിവ ശരിയായ രീതിയിൽ അണുവിമുക്തമാക്കുക.
ചത്ത പക്ഷികളെയും കള്ളിംഗ് ചെയ്ത പക്ഷികളെയും അംഗീകൃത രീതിയിൽ സുരക്ഷിതമായി സംസ്കരിക്കുക.
രോഗബാധിത പ്രദേശങ്ങളിൽ തുടർ നിരീക്ഷണം നടത്തുക.
കള്ളിംഗ് എന്നത് രോഗലക്ഷണമുള്ള പക്ഷികളെ മാത്രം നീക്കം ചെയ്യുന്ന പ്രവൃത്തി അല്ല. ഔദ്യോഗികമായി നിർണയിച്ച രോഗബാധിത കേന്ദ്രത്തിലും സമ്പർക്കമേഖലയിലും ഉൾപ്പെടുന്ന പക്ഷികളെയും ശാസ്ത്രീയമായ നടപടിക്രമങ്ങൾ അനുസരിച്ച് നീക്കം ചെയ്യേണ്ടിവരും.
ഫാമുകളിലെ ജൈവസുരക്ഷാ മാർഗങ്ങൾ:
രോഗം എത്തുന്നതിനുമുമ്പ് തന്നെ പ്രതിരോധം ഉറപ്പാക്കുകയാണ് ഏറ്റവും ഫലപ്രദമായ മാർഗം.
ഫാമുകളിലേക്ക് അനാവശ്യ സന്ദർശകരെ പ്രവേശിപ്പിക്കാതിരിക്കുക.
ഫാമിൽ പ്രവേശിക്കുന്നവർക്ക് പ്രത്യേക വസ്ത്രങ്ങളും ചെരിപ്പുകളും നിർബന്ധമാക്കുക.
പ്രവേശന കവാടങ്ങളിൽ കാലുകൾ അണുവിമുകതമാക്കാനുള്ള സംവിധാനം ഒരുക്കുക.
കാട്ടുപക്ഷികൾക്കും വളർത്തുപക്ഷികൾക്കും ഇടയിൽ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
തീറ്റയും കുടിവെള്ളവും വന്യപക്ഷികളുടെ വിസർജ്യം കലരാത്ത രീതിയിൽ സംരക്ഷിക്കുക.
ഓരോ ഫാം യൂണിറ്റിനും പ്രത്യേകം ഉപകരണങ്ങൾ ഉപയോഗിക്കുക.
പുതിയ പക്ഷികളെ കൊണ്ടുവരുമ്പോൾ ആരോഗ്യസ്ഥിതി പരിശോധിക്കുകയും ആവശ്യമായ ക്വാറന്റൈൻ ഉറപ്പാക്കുകയും ചെയ്യുക.
ചത്ത പക്ഷികളെയും രോഗലക്ഷണമുള്ള പക്ഷികളെയും ഉടൻ റിപ്പോർട്ട് ചെയ്യുക.
വാഹനങ്ങൾ, തീറ്റ കൊണ്ടുവരുന്ന ലോറികൾ, മുട്ട കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയുടെ ശുചിത്വം ഉറപ്പാക്കുക.
ഫാമിൽനിന്നുള്ള വളവും മാലിന്യങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യുക. വന്യപക്ഷികളുമായുള്ള സമ്പർക്കം നിയന്ത്രിക്കുക:
പ്രത്യേകിച്ച് താറാവ് ഫാമുകളിൽ ഈ നടപടി വളരെ പ്രധാനമാണ്.
തുറന്ന ജലാശയങ്ങളിൽ വന്യപക്ഷികളുമായി പങ്കിടുന്ന വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക.
താറാവുകൾക്ക് സുരക്ഷിതമായ കുടിവെള്ളവും തീറ്റയും ലഭ്യമാക്കുക.
വന്യപക്ഷികൾ എത്തുന്ന സ്ഥലങ്ങളിൽ തുറന്ന രീതിയിലുള്ള തീറ്റവിതരണം ഒഴിവാക്കുക.
വന്യപക്ഷികളുടെ അസാധാരണ മരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുക. നിരീക്ഷണം ശക്തിപ്പെടുത്തുക:
രോഗം സ്ഥിരീകരിച്ചശേഷം മാത്രം പരിശോധന നടത്തുന്നത് മതിയാകില്ല. രോഗം വരാനുള്ള സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂട്ടിയുള്ള നിരീക്ഷണം വേണം. താറാവ് ഫാമുകൾ, ബ്രോയിലർ, ലെയർ ഫാമുകൾ, ബാക്ക്യാർഡ് കോഴി വളർത്തൽ കേന്ദ്രങ്ങൾ, കാട വളർത്തൽ കേന്ദ്രങ്ങൾ, ദേശാടനപ്പക്ഷികൾ എത്തുന്ന തണ്ണീർത്തടങ്ങൾ, പക്ഷികളുടെ വ്യാപാരവും ഗതാഗതവും നടക്കുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം അപകടസാധ്യതയുടെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തണം. കോഴിവളർത്തൽ കൂടുതലുള്ള മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് കേരളത്തിലെപ്പോലെ പക്ഷിപ്പനി ആവർത്തിക്കുന്നില്ലേ?
ഇവിടെ ഒരു തെറ്റിദ്ധാരണ തിരുത്തേണ്ടതുണ്ട്. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ കേരളത്തിലെ കുട്ടനാടൻ മേഖലയിൽ കാണുന്നതുപോലുള്ള ആവർത്തിച്ചുള്ള താറാവ് കേന്ദ്രീകൃത രോഗബാധാ മാതൃക അവിടങ്ങളിൽ എല്ലായിടത്തും കാണുന്നില്ല.
2025-ലെ കേന്ദ്രസർക്കാർ റിപ്പോർട്ട് പ്രകാരം ആന്ധ്രപ്രദേശിൽ 8,തെലങ്കാനയിൽ 5, കർണാടകയിൽ 3, എന്നിങ്ങനെയാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വർഷം തമിഴ്നാട്ടിലെ ചെന്നൈ, കടലൂർ എന്നീ മേഖലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ മറ്റു സംസ്ഥാനങ്ങളിൽ രോഗമില്ല എന്ന നിഗമനം ശരിയല്ല.
എന്തുകൊണ്ടാണ് കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമാകുന്നത്?
ഒന്നാമതായി, വളർത്തൽ സമ്പ്രദായം:
ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ തോതിലുള്ള വാണിജ്യ ബ്രോയിലർ, ലെയർ ഫാമുകൾ പ്രധാനമാണ്. കേരളത്തിലെ കുട്ടനാട്ടിൽ താറാവുകളെ നെൽപ്പാടങ്ങളിലും ജലാശയങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത രീതികളിലും വളർത്തുന്നുണ്ട്.
രണ്ടാമതായി, ഭൂപ്രകൃതിയും ജലാശയങ്ങളും:
കേരളത്തിൽ തണ്ണീർത്തടങ്ങൾ, കായലുകൾ, നദികൾ, നെൽപ്പാടങ്ങൾ എന്നിവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ദേശാടനപ്പക്ഷികളും നാട്ടുപക്ഷികളും വളർത്തുപക്ഷികളും തമ്മിൽ സമ്പർക്കം ഉണ്ടാകാൻ അനുകൂലമായ സാഹചര്യമുണ്ട്. മൂന്നാമതായി, ദേശാടനപ്പക്ഷികളുടെ സാന്നിധ്യം.
കേരളത്തിലെ പ്രധാന തണ്ണീർത്തടങ്ങൾ ദേശാടനജലപക്ഷികളുടെ വിശ്രമകേന്ദ്രങ്ങളാണ്. ഇവയുമായി വളർത്തുതാറാവുകൾക്ക് സമ്പർക്കമുണ്ടാകുന്നത് വൈറസ് പ്രവേശനസാധ്യത വർധിപ്പിക്കുന്നു.
നാലാമതായി, രോഗനിരീക്ഷണവും റിപ്പോർട്ടിംഗും;
ഒരു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന രോഗബാധകളുടെ എണ്ണം മാത്രം ഉപയോഗിച്ച് യഥാർഥ രോഗവ്യാപനസാധ്യത താരതമ്യം ചെയ്യാനാവില്ല. പരിശോധനയുടെ വ്യാപ്തി, സാമ്പിൾ ശേഖരണത്തിലെ കാര്യക്ഷമത, റിപ്പോർട്ടിംഗ് സംവിധാനം, രോഗം തിരിച്ചറിയാനുള്ള ശേഷി എന്നിവയും പ്രധാനമാണ്.
അതിനാൽ മറ്റു സംസ്ഥാനങ്ങളിൽ റിപ്പോർട്ട് കുറവാണെങ്കിൽ അവിടെ അപകടസാധ്യതയില്ല എന്നർത്ഥമില്ല. കേരളത്തിലെ പ്രത്യേക താറാവ് വളർത്തൽ–നെൽക്കൃഷി ബന്ധമാണ് കേരളത്തിന്റെ രോഗവ്യാപന മാതൃകയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകമെന്ന് ലഭ്യമായ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.













































































































































