കരുത്തു നേടി നാളികേരം, റബറിന് തിരിച്ചടി

മുൻനിര റബർ ഉൽപാദന രാജ്യങ്ങളിൽ അനുകൂല കാലാവസ്ഥയിൽ ടാപ്പിങ് പുനരാരംഭിച്ചതും ചൈനീസ് ടയർ കയറ്റുമതിക്ക് നേരിട്ട തളർച്ചയും റബർ വിപണിയെ പിടിച്ചുലച്ചു. ഡിമാൻഡ് മങ്ങിയത് മൂലം ഒക്ടോബറിൽ ചൈനയിൽ ടയർ ഉൽപാദനം 4.6 ശതമാനം കുറഞ്ഞത് വാങ്ങൽ താൽപര്യത്തെ ബാധിച്ചു. ഇതിനിടെ ചൈനീസ് വിപണിയായ ഷാങ്ഹായിൽ ഇന്ന് റബർ കനത്ത തകർച്ചയിലേക്ക് നീങ്ങി. ജനുവരി അവധി വില ഒന്നര ശതമാനം താഴ്ന്ന് ടണ്ണിന് 18,865 യുവാനായി. സിംഗപ്പൂർ എക്സ്ചേഞ്ചിലും റബറിന് തിരിച്ചടിയേറ്റു.ഫണ്ടുകളുടെ തിരക്കിട്ട ലാഭമെടുപ്പ് ഏഷ്യൻ വിപണിയെ മൊത്തത്തിൽ സമ്മർദത്തിലാക്കി. പ്രതികൂല വാർത്തകൾക്കിടയിൽ ജപ്പാനിൽ റബർ വില കിലോ 430 യെന്നിൽനിന്ന് 419 യെന്നിലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിങ്ങിൽ 427 യെന്നിലാണ്. ബാങ്കോക്കിൽ 259 രൂപയിൽനിന്ന് 254 രൂപയായി. കേരളത്തിൽ റബർ ടാപ്പിങ് രംഗം സജീവമാണെങ്കിലും കാർഷിക മേഖലകളിൽനിന്നുള്ള ഷീറ്റ് വരവ് നാമമാത്രമാണ്. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് ഷീറ്റ് ക്വിന്റലിന് 27,000 രൂപയ്ക്ക് ശേഖരിച്ചു.
ഏലം ഉൽപാദന രംഗം സജീവമായതോടെ പുതിയ ചരക്ക് വിറ്റുമാറാൻ ഉൽപാദകർ ഉത്സാഹിച്ചു. ഇന്നലെ നടന്ന രണ്ട് ലേലങ്ങളിലായി ഏകദേശം ഒന്നര ലക്ഷം കിലോ ചരക്ക് വിൽപനയ്ക്കെത്തി. അതേസമയം, ഇന്ന് ലേലത്തിന് എത്തിയത് ഒരു ലക്ഷം കിലോ ഏലമാണ്. ശരാശരി ഇനങ്ങൾ കിലോയ്ക്ക് 2908 രൂപയിലും മികച്ചയിനങ്ങൾ 3422 രൂപയിലും കൈമാറി. ഇറക്കുമതി രാജ്യങ്ങളിൽനിന്നുള്ള നിരന്തര അന്വേഷണങ്ങൾക്കൊപ്പം ആഭ്യന്തര ഇടപാടുകാരും ചരക്ക് സംഭരിക്കുന്നുണ്ട്. നിലവിൽ വിൽപ്പനയ്ക്കെത്തുന്ന ഏലം ഗുണനിലവാരത്തിലും മുന്നിലാണ്.
വൃശ്‌ചിക ഡിമാൻഡിൽ തമിഴ്നാട്ടിൽ നാളികേരം കരുത്ത് നേടി. കാങ്കയത്ത് ഇന്ന് കൊപ്ര വില ഉയർന്നതിന്റെ ചുവടുപിടിച്ച് കൊച്ചിയിൽ തേങ്ങാപ്പിണ്ണാക്ക് വില വ്യവസായികൾ ഉയർത്തി. ക്വിന്റലിന് 300 രൂപ വർധിച്ച് 3600 രൂപയായി. മണ്ഡലകാലമായതിനാൽ കേരളത്തിലും തേങ്ങയ്ക്ക് ആവശ്യം അനുദിനം ഉയരുകയാണ്. നോമ്പുകാലമായതിനാൽ തീൻമേശകളിൽ പച്ചക്കറികൾക്ക് മുൻതൂക്കം നൽകുന്നത് തേങ്ങയുടെ ആവശ്യം വർധിപ്പിച്ചു.













































































































































