കാർഷിക ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതി; സർക്കാർ ചെലവഴിക്കുന്ന തുകയിൽ കുത്തനെ ഇടിവ്

തൊടുപുഴ: കാർഷിക ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതിക്കായി സർക്കാർ ചെലവഴിക്കുന്ന തുകയിൽ ഇടുക്കിയിൽ ഇടിവ്. കഴിഞ്ഞ മൂന്ന് വർഷത്തെ തുക പരിശോധിക്കുമ്പോഴാണ് ഇടുക്കിയിൽ കുത്തനെ കുറവ് കാണിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവുംമൂലം ഇടുക്കിയിൽ കാർഷിക മേഖല പ്രതിസന്ധിയിലാണ്. ഇതോടെ ആനൂകൂല്യത്തിനർഹരായ കർഷകർ കൃഷി ഉപേക്ഷിക്കുന്നതാണ് സർക്കാർ ചെലവഴിക്കുന്ന തുകയിൽ ഇടിവ് വരാൻ കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കിൽ സർക്കാർ ഈയിനത്തിൽ ജില്ലയിൽ ചെലവഴിച്ചത് 67.62 ലക്ഷം രൂപയാണ്. സംസ്ഥാന കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം 2023-24ൽ 30.9 ലക്ഷവും, 2024-25ൽ 28.62 ലക്ഷവും ചെലവഴിച്ചപ്പോൾ പോയ വർഷം ഇത് 8.1 ലക്ഷമായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
ഹൈറേഞ്ചിലും ലോ റേഞ്ചിലുമായുള്ള അഞ്ച് നിയമസഭ മണ്ഡലങ്ങളിലുമായി പദ്ധതിക്ക് കീഴിൽ നൂറുകണക്കിന് ഗുണഭോക്താക്കളാണ് ജില്ലയിലുണ്ടായിരുന്നത്. 1995 ആഗസ്റ്റ് ഒന്ന് മുതലാണ് സംസ്ഥാനത്ത് കർഷകർക്ക് കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി സൗജന്യമാക്കിയത്. ആദ്യഘട്ടത്തിൽ നെൽകൃഷിക്ക് മാത്രമായിരുന്ന ആനുകൂല്യം പിന്നീട് ഒരു ഹെക്ടർ വരെയുള്ള മറ്റ് കാർഷിക വിളകൾക്കും പിന്നാലെ രണ്ട് ഹെക്ടർ വരെയുളള എല്ലാവിധ കാർഷിക വിളകൾക്കും ലഭ്യമാക്കുകയായിരുന്നു. ഇതോടെയാണ് മലയോര ജില്ലയിലും പദ്ധതിക്ക് ഗുണഭോക്താക്കളേറിയത്. എന്നാൽ, കാർഷിക മേഖലയിലെ വിവിധ പ്രതിസന്ധികൾമൂലം ഇവരിൽ പലരും കൃഷി ഉപേക്ഷിച്ചിട്ടുണ്ട്. ഇതാണ് പദ്ധതിക്കായി ചെലവിടുന്ന തുകയിലും ഇടിവ് വന്നതെന്നാണ് വിവരം. അതേസമയം പദ്ധതി ദുരുപയോഗം ചെയ്യുന്നതും സർക്കാറിനുണ്ടാകുന്ന അധികബാധ്യതകളും കണക്കിലെടുത്ത് കാർഷികമേഖലയിൽ സൗരോർജ പദ്ധതി നടപ്പാക്കുന്നതിന് കൃഷി വകുപ്പ് പ്രാഥമിക പഠനങ്ങൾ നടത്തിയിരുന്നു.
എന്നാൽ, പദ്ധതി നടത്തിപ്പിലെ സാങ്കേതിക പ്രശ്നങ്ങളും ഫണ്ടിന്റെ അപര്യാപ്തതയുംമൂലം ഇതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.













































































































































