പൊടിപൊടിച്ച് കുരുമുളക് കച്ചവടം, മണ്ഡലകാലത്ത് ബംബർ പ്രതീക്ഷിച്ച് കച്ചവടക്കാരും കർഷകരും

മണ്ഡലകാലത്തിന് തുടക്കമായതോടെ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരും കുരുമുളക് വിപണിയിൽ ഇടംപിടിച്ചു. ദർശനം കഴിഞ്ഞുള്ള മടക്കയാത്രയിൽ ചെറുകിട വിപണികളിൽനിന്ന് കുരുമുളക് ശേഖരിക്കാൻ അവർ ഉത്സാഹിച്ചത് വ്യാപാരരംഗം സജീവമാക്കി. മുളകിന്റെ നിത്യേനയുള്ള വിലക്കയറ്റം അവരുടെ വാങ്ങൽ പ്രവണത വർധിപ്പിച്ചു. ഒരു കിലോ, അരക്കിലോ പാക്കറ്റുകളിലാണ് വിൽപ്പന പൊടിപൊടിക്കുന്നത്. കിലോയ്ക്ക് 850–900 രൂപ നിരക്കിലാണ് കൈമാറ്റം. ചിലർ അരക്കിലോ 500 രൂപയ്ക്കും ശേഖരിച്ചു. തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാരാണ് കുരുമുളക് സ്വന്തമാക്കാൻ ഉത്സാഹിച്ചത്. 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലകാലത്ത് ബംബർ കച്ചവടം ചെറുകിട വ്യാപാരികൾ പ്രതീക്ഷിക്കുന്നതിനാൽ ചരക്ക് സംഭരിക്കാൻ മൊത്തവിപണികളിലും അവരും ഇടംപിടിച്ചു. രാജ്യത്ത് ഉൽപാദനം കുറഞ്ഞതിനാൽ മുളകിന് എരിവ് ഏറാൻ ഇടയുണ്ടെന്ന നിഗമനത്തിൽ അവധി വ്യാപാരരംഗവും ചൂടുപിടിച്ചു. ഡിസംബർ അവധി വില കിലോയ്ക്ക് 800 രൂപയ്ക്ക് മുകളിലാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് കിലോയ്ക്ക് 754 രൂപയായി ഉയർന്നു.
ശബരിമല സീസണിന് തുടക്കമായതോടെ ദക്ഷിണേന്ത്യയിൽ നാളികേരത്തിന് ആവശ്യം വർധിച്ചു. നെയ്ത്തേങ്ങയ്ക്കും പതിനെട്ടാം പടിയിലും യാത്രാമധ്യേ വിവിധ ക്ഷേത്രങ്ങളിലും ഉടയ്ക്കാനുമായി ഓരോ അയ്യപ്പനും അര ഡസനോളം തേങ്ങ വീതം ശേഖരിക്കുന്നതായാണ് തമിഴ്നാട്ടിൽ നിന്നുള്ള വിവരം. വെളിച്ചെണ്ണ വിപണിയിലെ മാന്ദ്യം കൊപ്രയെയും തളർത്തിയ ഘട്ടത്തിലാണ് വൃശ്ചികകാല ഡിമാൻഡ് നാളികേര വിപണിയുടെ മുഖച്ഛായ മാറ്റിമറിക്കാൻ അവസരമൊരുക്കിയത്. കാങ്കയം, പൊള്ളാച്ചി വിപണികളിൽ നിരക്ക് ഉയർന്നതിന്റെ ചുവടുപിടിച്ച് കേരളത്തിലും നാളികേരവില വർധിച്ചു. കൊച്ചിയിൽ ചെറുകിട വിപണികളിൽ തേങ്ങ കിലോയ്ക്ക് 66 രൂപയിലാണ് വ്യാപാരം.
ആഗോള റബർ വിപണിയിൽ കനത്ത വിലത്തകർച്ച. ബാങ്കോക്കിൽ ഷീറ്റ് വില കിലോയ്ക്ക് 264 രൂപയിൽനിന്ന് 259 രൂപയിലേക്ക് താഴ്ന്നു. ജപ്പാനിലെ ഒസാക്കയിൽ നിരക്ക് 428 യെന്നിലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ വില കിലോയ്ക്ക് 272 രൂപയായും ഒട്ടുപാൽ വില കിലോയ്ക്ക് 180 രൂപയായും താഴ്ന്നു.













































































































































