കുമളി ടൗണിൽ ഇന്നുമുതൽ ഗതാഗതപരിഷ്കരണം; പ്രധാന ബസ് സ്റ്റോപ് മാറ്റങ്ങൾ അറിയാം

കുമളി∙ ശബരിമല സീസണിൽ കുമളി ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഗതാഗത പരിഷ്കരണം നിലവിൽ വരും. ബസ് സ്റ്റോപ്പുകളുടെ മാറ്റവും ടൗണിലെ വാഹന പാർക്കിങ്ങുമാണ് പുനഃക്രമീകരിക്കുന്നത്.
പ്രധാന ബസ് സ്റ്റോപ് മാറ്റങ്ങൾ
∙ ചെളിമട – മുരിക്കടി – ആനവിലാസം റൂട്ട്: ആനവിലാസം ഭാഗത്തേക്കുള്ള ബസുകൾ ചെളിമട ജംക്ഷനിൽ നിന്ന് 150 മീറ്റർ മുന്നോട്ട് മാറി വെള്ളാരംകുന്ന് റോഡിൽ വർക്ഷോപ്പിന്റെ ഭാഗത്താണു നിർത്തേണ്ടത്.
ചെളിമട വഴി കുമളിയിലേക്ക് വരുന്ന ബസുകൾ പഞ്ചായത്തുവക സ്ഥലത്തിന് എതിർവശത്ത് നിർത്തണം.
∙ ഒന്നാം മൈൽ (കുമളി – മൂന്നാർ റോഡ്): വണ്ടൻമേട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തിയിരുന്ന ഒന്നാം മൈലിലെ സ്റ്റോപ് ഫ്ലാറ്റിന് മുന്നിലേക്ക് മാറ്റി.
∙ കുമളി ക്ഷേത്രം & തേക്കടി ജംക്ഷൻ: ക്ഷേത്രത്തിന് മുന്നിലുള്ള സ്റ്റോപ് ഫെഡറൽ ബാങ്കിന് സമീപത്തേക്കും, തേക്കടി ജംക്ഷനിലെ സ്റ്റോപ് കുളത്തുപ്പാലത്ത് കെഎസ്ആർടിസി ഡിപ്പോയുടെ ഭാഗത്തേക്കും മാറ്റി.
പുതിയ പാർക്കിങ് ക്രമീകരണങ്ങൾ
∙ അതിർത്തി ചെക്പോസ്റ്റ് മുതൽ തേക്കടി കവല വരെ റോഡിന്റെ ഇടതുഭാഗത്ത് മാത്രമാണ് വാഹന പാർക്കിങ് അനുവദിച്ചിട്ടുള്ളത്.
∙ തേക്കടി കവല മുതൽ ഹോളിഡേ ഹോം വരെ റോഡിന്റെ വലതുഭാഗത്തായിരിക്കും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
∙ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരം: ബസ് സ്റ്റാൻഡിനോട് ചേർന്ന് പൊതുവേദി പൊളിച്ച സ്ഥലത്തും വാഹന പാർക്കിങ്ങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.













































































































































