വലിയ വട്ടത്തിലുള്ള ചെവികളും താഴെ ചുവന്ന നിറത്തിലുള്ള മുഖവും; വിസ്മയം വിടർത്തി മിക്കിമൗസ് പൂക്കൾ

സേനാപതി∙ മിക്കി മൗസ് പൂക്കളുടെ കളിയിടമായി സേനാപതി മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മുറ്റം. കാർട്ടൂൺ ലോകത്തെ കുട്ടികളുടെ പ്രിയ താരമാണ് മിക്കി മൗസ്. വലിയ വട്ടത്തിലുള്ള ചെവികളും താഴെ ചുവന്ന നിറത്തിലുള്ള മുഖവുമാണ് മിക്കി മൗസിന്റെ പ്രത്യേകത. ഇതേ രൂപത്തിലുള്ള പൂക്കളാണ് മിക്കി മൗസ് പൂക്കൾ. കാഴ്ചക്കാരിൽ കൗതുകവും വിസ്മയവും തീർക്കുന്ന മിക്കി മൗസ് പൂക്കൾ അപൂർവമാണ്. ഒച്ച്ന സെറുലേറ്റ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ഇൗ ചെടികൾ മിക്കി മൗസ് പ്ലാന്റ് എന്നാണറിയപ്പെടുന്നത്. വരണ്ട കാലാവസ്ഥയിൽ വളരുന്ന മിക്കി മൗസ് ചെടികൾ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്നു. പല ഘട്ടങ്ങളിലായി വിരിയുന്ന ചുവന്ന പൂക്കളും കറുത്ത നിറത്തിലുള്ള കായ്കളുമാണ് ഇൗ പൂവിന് മിക്കി മൗസിന്റെ രൂപം നൽകുന്നത്. 2004ലാണ് സ്കൂളിന്റെ മുറ്റത്ത് മിക്കി മൗസ് ചെടി നടുന്നത്. എന്നാൽ ഏതാനും വർഷം മുൻപാണ് ഇത് പൂവിട്ടു തുടങ്ങിയത്.













































































































































