San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഉറപ്പുകൾക്ക് മൂന്നുമാസം; തട്ടാംപാറ ഇപ്പോഴും ഒറ്റപ്പെട്ടുതന്നെ



മൂന്നാർ : മലവെള്ളപ്പാച്ചിലിൽ റോഡ് ഒലിച്ചുപോയി രണ്ട്‌ ജീവനുകൾ പൊലിഞ്ഞു. ദുരന്തഭൂമിയിലെത്തിയ ജനപ്രതിനിധിയും ജില്ലാ ഭരണകൂടവും പത്തുദിവസത്തിനകം ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനൽകി. എന്നാൽ, മൂന്നുമാസം പിന്നിട്ടിട്ടും വാഗ്ദാനം കടലാസിൽത്തന്നെ. വട്ടവട പഞ്ചായത്തിലെ തട്ടാംപാറയിലെ മുപ്പതിലേറെ കുടുംബങ്ങളാണ് ഇന്നും പുറംലോകവുമായി ബന്ധപ്പെടാൻ വഴിയില്ലാതെ ഒറ്റപ്പെട്ട ജീവിതം തുടരുന്നത്. ദുരന്തമുണ്ടായപ്പോൾ ഓടിയെത്തിയ അധികൃതർ പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയും ശക്തമാണ്.

സെപ്റ്റംബർ 20-നുണ്ടായ കനത്ത മഴയിലും മലയിടിച്ചിലിലുമാണ് തട്ടാംപാറ മേഖലയെ ദുരിതത്തിലാഴ്ത്തിയ ദുരന്തമുണ്ടായത്. മലയിടിച്ചിലിൽ രണ്ടുപേർ മരിച്ചതിനുപിന്നാലെ മലമുകളിൽനിന്ന് കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ കൊട്ടാക്കമ്പൂർ- തട്ടാംപാറ റോഡും തകർന്നു. റോഡ് പൂർണമായി ഒലിച്ചുപോയതോടെ തട്ടാംപാറയിലേക്കുള്ള ഗതാഗതം നിലച്ചു. ഇതോടെ മേഖലയിലെ മുപ്പതിലേറെ വീടുകളും നിരവധി റിസോർട്ടുകളും പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലായി. ദുരന്തത്തിന്റെ തൊട്ടടുത്ത ദിവസം സ്ഥലം സന്ദർശിച്ച എം.എൽ.എ. എഫ്. രാജയും ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ടും നാട്ടുകാർക്ക് നൽകിയ ഉറപ്പ് വലിയ പ്രതീക്ഷയായിരുന്നു.തകർന്ന റോഡിന് പകരം സംവിധാനങ്ങൾ സജ്ജമാക്കി ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പത്തുദിവസത്തിനകം ഗതാഗതം പുനഃസ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളായി മാറിയിട്ടും റോഡ് പുനർനിർമാണത്തിന് പ്രാരംഭ നടപടികൾപോലും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.

അടിയന്തര ആവശ്യങ്ങൾക്കുപോലും പുറത്തേക്കെത്താൻ കഴിയാത്ത സ്ഥിതിയാണ്. രോഗികൾക്കും പ്രായമായവർക്കും കുട്ടികൾക്കും യാത്ര വലിയ വെല്ലുവിളിയായി. മേഖലയിലെ റിസോർട്ടുകളുടെ പ്രവർത്തനത്തെയും റോഡ് തകർച്ച പ്രതികൂലമായി ബാധിച്ചു.

പത്തുദിവസത്തെ വാഗ്ദാനം മൂന്നുമാസം പിന്നിട്ടിട്ടും നടപ്പാകാത്ത സാഹചര്യത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button