കരുണാപുരം 13-ാം വാർഡിൽ അപകടഭീഷണിയായി തടയണ

പോത്തിൻകണ്ടം : കരുണാപുരം പഞ്ചായത്തിലെ 13-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ചെക്ക് ഡാം അപകടഭീഷണി ഉയർത്തുന്നു. ഏകദേശം 35 വർഷത്തോളം പഴക്കമുള്ള ചെക്ക് ഡാമിന് സുരക്ഷിതമായ സംരക്ഷണഭിത്തിയില്ലാത്തത് സമീപവാസികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു.
സ്കൂൾകുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി ആളുകൾ ദിവസേന സഞ്ചരിക്കുന്ന വഴിയിലാണ് ചെക്ക് ഡാം സ്ഥിതിചെയ്യുന്നത്. ഏകദേശം 35 കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.
കൃഷിക്കും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി സമീപവാസികൾ ആശ്രയിച്ചിരുന്നത് ചെക്ക് ഡാമിലെ ജലത്തെയാണ്. എന്നാൽ, മഴക്കാലത്തിനുശേഷം ഡാമിലെ വെള്ളം മലിനമായ നിലയിലാണ്.
മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നതിനായി പഞ്ചായത്ത് നിർമിച്ചിരുന്ന ചാൽ നിലവിൽ മണ്ണുംചെളിയും അടിഞ്ഞ് അടഞ്ഞനിലയിലാണ്. ഇതുമൂലം മഴക്കാലത്ത് ചെക്ക് ഡാമിലെ വെള്ളം സമീപത്തെ വീടുകളിലേക്ക് കയറി വലിയ ദുരിതം സൃഷ്ടിക്കുന്നതായി പ്രദേശവാസിയായ മേഴ്സി പറഞ്ഞു. കഴിഞ്ഞവർഷം സുരക്ഷിതമല്ലാത്ത സംരക്ഷണഭിത്തിയുടെ അഭാവംമൂലം ഒരാളുടെ ജീവൻ നഷ്ടപ്പെട്ട സംഭവമുണ്ടായി. രാത്രികാലങ്ങളിൽ ചെക്ക് ഡാമിന് സമീപത്തുകൂടിയുള്ള യാത്ര ഏറെ ബുദ്ധിമുട്ടേറിയതാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ചെക്ക് ഡാമിന് സുരക്ഷിതമായ സംരക്ഷണഭിത്തി നിർമിക്കുക, വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചാൽ പുനഃസ്ഥാപിക്കുക തുടങ്ങിയ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












































































































































