എഥനോൾ പരിശോധനയ്ക്ക് പ്രത്യേക കിറ്റുകൾ എത്തി; ആലപ്പുഴയിലും കാസർകോട്ടും സാമ്പിൾ ശേഖരിച്ചു

പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തിലും കൂടുതൽ എഥനോൾ കലർത്തി വില്പന നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുവാനുള്ള സാമ്പിൾ ശേഖരണം സിവിൽ സപ്ലൈസ് വകുപ്പ് പുനരാരംഭിച്ചു. ആലപ്പുഴ, കാസർകോട് ജില്ലകളിലെ നാല് പമ്പുകളിൽ നിന്ന് എണ്ണ കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാമ്പിൾ ശേഖരിച്ചു. ഇത് കോഴിക്കോട് റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് നൽകും.
കഴിഞ്ഞയാഴ്ച നാല് ജില്ലകളിലെ 9 പമ്പുകളിൽ നിന്ന് ശേഖരിച്ചിരുന്നു. അളവിൽ കൂടുതൽ എഥനോൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഉപയോക്താക്കൾക്ക് ഗുണനിലവാരം ഉള്ള ഇന്ധനം ഉറപ്പാക്കുകയാണ് ലക്ഷ്യം. മായം ചേർക്കലും മറ്റു ക്രമക്കേടുകളും തടയും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു. കർണാടകയിലെ ചില പമ്പിൽ നിശ്ചിത അളവിൽ കൂടുതൽ എഥനോൾ കലർത്തിയ ഇന്ധനം വിൽക്കുന്നതായി കണ്ടെത്തിയതിനു പിന്നാലെയാണ് കേരളത്തിലും പരിശോധനയ്ക്ക് ഉത്തരവിട്ടത്.








































































































































