മദ്യനയം ഉടൻ പ്രഖ്യാപിക്കും; ഫയൽ നീക്കങ്ങൾ നടക്കുന്നു, മന്ത്രി എം ലിജു

സംസ്ഥാന സർക്കാരിന്റെ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു. എക്സൈസ് വകുപ്പ് തയ്യാറാക്കിയ കരട് ഉടൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ക്യാബിനറ്റ് അംഗീകാരത്തോടെ യുഡിഎഫ് യോഗത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം ആയിരിക്കും മദ്യനയം പ്രഖ്യാപിക്കുകയെന്ന് മന്ത്രി എം ലിജു പറഞ്ഞു.രണ്ടുമാസം നീണ്ടുനിന്ന ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് യുഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. കരട് മുഖ്യമന്ത്രിക്ക് മുന്നിലേക്ക് എത്തും, മന്ത്രിസഭയുടെ അംഗീകാരത്തോടുകൂടി യുഡിഎഫിലെ ചർച്ചകൾക്ക് ശേഷം ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
മദ്യനിരോധന സമിതികളുമായും, മുൻ എക്സൈസ് മന്ത്രിമാരുമായും,ബാർ ഓണേഴ്സുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് കരട് തയ്യാറാക്കിയത്. അതേസമയം, വീര്യം കുറഞ്ഞ മദ്യ വില്പനയിൽ ഉടൻ തീരുമാനം ഉണ്ടാകില്ല. സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടാതെ മുഖം മാറ്റുന്ന കാര്യം പരിഗണനയിലാണ്. ബാറുകളുടെ സമയക്രമത്തിലും ഐടി പാർക്കുകളിൽ ബാറുകൾ അനുവദിക്കുന്നതിലും നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകും. മദ്യനയത്തിന്റെ കരട് രൂപീകരിക്കുന്നതിൽ നിർണായക സ്ഥാനം വഹിച്ചിരുന്ന മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ സർക്കാർ അറിയാതെ ബാർ ലൈസൻസുകൾ നൽകിയതിൽ പുറത്താക്കിയിരുന്നു.








































































































































