ഏലം മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഫാര്‍മേഴ്സ് പ്രൊട്ടക്ഷന്‍ ഫോറം ആരംഭിച്ചു.

സംഘടനയുടെ ചെയര്‍മാനായി റെജി ഞള്ളാനി, വൈസ് പ്രസിഡന്റായി ബാബു അഞ്ചാനിയില്‍, സെക്രട്ടറിയായി സജീവ് ടി പി തച്ചേത്ത്, ജോയിന്‍ സെക്രട്ടറിയായി ജെഫിന് മുറ്റത്താണി. ട്രഷററായി റോയി മാമ്പളാല് എന്നിവരെ തെരഞ്ഞെടുത്തു.
തോട്ടങ്ങളില്‍ ഏലക്ക എടുക്കാന്‍ ആവശ്യത്തിന് തൊഴിലാളി ലഭിക്കാത്തതിനാല്‍ 500 കോടി രൂപയുടെ നഷ്ടമാണ് ഇത്തവണ കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ നിയമം അനുസരിച്ച് എട്ടു മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരു തോട്ടം തൊഴിലാളിക്കും തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലെടുക്കുന്ന ഒരു തൊഴിലാളിക്കും 400 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ മൂന്നിരട്ടി വരെ നല്‍കിയിട്ടും തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
തോട്ടങ്ങളില്‍ ജോലിക്കായെത്തുന്ന അതിഥി തൊഴിലാളികളില്‍ ഭൂരിഭാഗവും ലഹരിവസ്തുക്കള്‍ വില്ക്കുന്നവരും ഒളിത്താവളങ്ങള്‍ തേടിവരുന്ന കുറ്റവാളികളുമാണ്. അതിനാല്‍തന്നെ നാട്ടിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാധാരണക്കാര്‍ക്കും ഭയമില്ലാതെ ഇറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ടെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ സ്വയം സംഘടിച്ച് ഫാര്‍മേഴ്സ് പ്രൊട്ടക്ഷന്‍ ഫോറത്തിന് രൂപം നല്‍കിയിരിക്കുന്നത്. 501 അംഗ ഓര്‍ഗനൈസിങ് കമ്മിറ്റിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
സംഘടനയുടെ യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന് കര്‍ഷകര്‍ സ്വമേധയാ മുമ്പോട്ട് വരണമെന്നും പ്രശ്നക്കാരല്ലാത്ത തൊഴിലാളികളെ പുറത്തുനിന്നും എത്തിച്ച് പരിഹാരം കാണുകയാണ് പ്രഥമ പരിഗണനയെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ റെജി ഞള്ളാനി, ബാബു അഞ്ചാനി. ജോബി പൂവക്കുളത്തില്‍, റെനോ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.








































































































































