സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന് വീണ്ടും മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിന് ശേഷം നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയായി തുടരാന്‍ ആകില്ലെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ പാര്‍ലമെന്റാണ് സംവാദത്തിനുള്ള വേദിയെന്ന് ബിജെപി ആവര്‍ത്തിച്ചു.
രാജ്യത്തെ പ്രധാന പ്രശ്നങ്ങളിലും കേന്ദ്ര സര്‍ക്കാരിനെതിരായ ആരോപണങ്ങളിലും ഒരിക്കല്‍ കൂടി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി.ദീര്‍ഘമായ പ്രസംഗങ്ങളല്ല, മറിച്ച് ഒരേ മേശയ്ക്ക് ഇരുപുറവുമിരുന്ന് വണ്‍-ഓണ്‍-വണ്‍’ സംവാദമാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സംവാദത്തില്‍ വ്യവസായി ഗൗതം അദാനിയെയോ മോഹന്‍ ഭാഗവതിനെയോ വിധികര്ത്താക്കളാക്കുന്നതില് തനിക്ക് എതിര്‍പ്പില്ലെന്നും രാഹുല്‍ പരിഹസിച്ചു.
എന്നാല്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്ന രാഹുല്‍ ഗാന്ധി ഗൗരവമില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നു എന്നാണ് ബിജെപി ആരോപണം. വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.








































































































































