പെൺകുട്ടികൾക്കായി സെന്റ് ആന്റണീസ് കോളേജിൽ ആരോഗ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു

സെന്റ് ആന്റണീസ് കോളേജിലെ വിമൻസ് സെല്ലും, നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി, പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനികൾക്കായി ആരോഗ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം, വ്യക്തിശുചിത്വം, ആരോഗ്യകരമായ ജീവിതശൈലി, രോഗപ്രതിരോധം, പ്രത്യുൽപാദന ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥിനികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മാർ സ്ലീവാ മെഡിസിറ്റി പാലായിലെ കമ്മ്യൂണിറ്റി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. കെലിറ്റ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്ത് ക്ലാസിന് നേതൃത്വം നൽകി. കോളേജ് വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു അധ്യക്ഷത വഹിച്ചു.കൗമാരപ്രായത്തിലും യുവത്വത്തിലും പെൺകുട്ടികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ, പോഷകാഹാരത്തിന്റെ പ്രാധാന്യം, ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണം, വ്യക്തിശുചിത്വം, പ്രതിരോധ കുത്തിവയ്പ്പുകൾ, പ്രത്യുൽപാദന ആരോഗ്യം, ആരോഗ്യപ്രശ്നങ്ങൾ യഥാസമയം തിരിച്ചറിയേണ്ടതിന്റെ ആവശ്യകത, കൃത്യസമയത്തുള്ള വൈദ്യസഹായം എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. ആരോഗ്യകാര്യങ്ങളിൽ ശരിയായ അറിവ് നേടുന്നതിന്റെയും തെറ്റായ ധാരണകൾ ഒഴിവാക്കുന്നതിന്റെയും പ്രാധാന്യവും വിദ്യാർത്ഥിനികൾക്ക് മനസ്സിലാക്കിക്കൊടുത്തു.
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയാനും സംശയങ്ങൾ ചോദിക്കാനും ആവശ്യമായ അറിവും ആത്മവിശ്വാസവും വിദ്യാർത്ഥിനികളിൽ വളർത്തുന്നതിൽ ഇത്തരം ബോധവത്കരണ പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ വിലയിരുത്തി.
സ്വന്തം ആരോഗ്യകാര്യങ്ങളിൽ ഉത്തരവാദിത്തബോധത്തോടെ ഇടപെടാനും ആരോഗ്യകരമായ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാനും വിദ്യാർത്ഥിനികളെ പ്രാപ്തരാക്കുന്നതിൽ ക്ലാസ് ഏറെ സഹായകമായി.വിമൻസ് സെൽ കോർഡിനേറ്റർ ഷാൻ്റി മോൾ എസ്, ആഷിൻ ജോസ്, ക്രിസ്റ്റി ജോസ്, നാൻസി ഡിക്രൂസ്, ജിനു തോമസ്, ആതിര ലാലു, മേരി ആഗ്നസ്, ജോമിയ മേരി സെബാസ്റ്റ്യൻ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.








































































































































