റെക്കോര്‍ഡ് വേഗത്തില്‍ ചാലക്കയം-പമ്പ റോഡ് നവീകരണം; തീര്‍ഥാടകര്‍ക്ക് ഇനി സുഗമമായ യാത്ര

ശബരിമല തീര്‍ഥാടനത്തിന്റെ പ്രധാന പാതയില്‍ 4.5 കിലോമീറ്റര്‍ റോഡ് ആധുനിക നിലവാരത്തില്‍; 14.14 കോടി രൂപയുടെ വികസനപ്രവൃത്തി പൂര്‍ത്തിയായി. ഒമ്പത് മാസം കൊണ്ട് തീര്‍ക്കേണ്ട ജോലി ഒരു മാസം കൊണ്ട് തീര്‍ത്ത അപൂര്‍വ്വത.
ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ചാലക്കയം-പമ്പ റോഡ് നവീകരണം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്.ശബരിമല തീര്‍ഥാടനകാലത്ത് ലക്ഷക്കണക്കിന് ഭക്തര്‍ ആശ്രയിക്കുന്ന പ്രധാന പാതയുടെ നവീകരണം ഗതാഗതസൗകര്യത്തിലും റോഡ് സുരക്ഷയിലും വലിയ മാറ്റമുണ്ടാക്കും.
4.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 12 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്. 14.14 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഒമ്പത് മാസം നിര്‍മാണകാലാവധി നിശ്ചയിച്ചിരുന്ന പ്രവൃത്തി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമായ നേട്ടമാണ്.റോഡിന്റെ ഉപരിതലം കൂടുതല്‍ മികവുറ്റതും ഈടുനില്ക്കുന്നതുമാക്കുന്നതിനായി ആധുനിക നിര്‍മാണരീതികളാണ് അവലംബിച്ചത്. അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ ബി.എം. പാളിയും മൂന്ന് സെന്റിമീറ്റര്‍ കനത്തില്‍ ബി.സി. പാളിയും ഉള്‍പ്പെടുത്തിയാണ് ടാറിങ് നടത്തിയത്. അതിന്റെ അടിയില്‍20 മുതല്‍ 30 സെന്റീമീറ്റര്‍ കനത്തില്‍ മെറ്റല്‍ ഇട്ട് ഉറപ്പിച്ച് ബലപ്പെടുത്തി.
യാത്രാസുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് നവീകരണം നടപ്പാക്കിയത്. ആവശ്യമായ സ്ഥലങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍, ക്രാഷ് ബാരിയറുകള്‍, റോഡ് മാര്‍ക്കിങ്ങുകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും വളവുകളിലും മറ്റ് നിര്‍ണായക ഭാഗങ്ങളിലും ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തിയതും റോഡിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കും.
ത്രിവേണി തൊട്ട് യു-ടേണ്‍ വരെ രണ്ട് സൈഡിലും കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ തുടങ്ങിയ അനുബന്ധ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള സംരക്ഷണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്ന രീതിയിലാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ 2026 സെപ്റ്റംബര്‍ 18-ന് പ്രവൃത്തി പരിശോധിച്ചിരുന്നു. എം.പി. ജോളിയാണ് കരാറുകാരന്. 2026 ഒക്ടോബര്‍ 13 ന് ആരംഭിച്ച പ്രവൃത്തി നവംബര്‍ 13-ന്പൂര്ത്തീകരിച്ചു.
ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ നിര്‍ണായകമായ നേട്ടമാണ് ചാലക്കയം-പമ്പ റോഡ് നവീകരണം. തീര്‍ഥാടകരുടെ യാത്രാസമയം കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും പുതിയ റോഡ് സൗകര്യം സഹായകമാകും.ശബരിമലയിലേക്കുള്ള യാത്രയില്‍ സുരക്ഷയും സൗകര്യവും ഒരുപോലെ ഉറപ്പാക്കുന്ന വികസനനേട്ടമായി ചാലക്കയം-പമ്പ റോഡ് മാറുകയാണ്.
ശബരിമല തീര്‍ഥാടനകാലത്തിന് മുന്നോടിയായി ചാലക്കയം-പമ്പ റോഡ് നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായത് വിവിധ തലങ്ങളിലുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ്. ഭരണതലത്തിലെ തീരുമാനങ്ങള്‍ മുതല്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനവും കരാറുകാരന്റെ ആത്മാര്‍ഥമായ സഹകരണവും വരെ ഒത്തുചേര്‍ന്നപ്പോള്‍ അസാധ്യമെന്നു തോന്നിയ സമയപരിധിക്കുള്ളില്‍ വലിയൊരു നിര്‍മാണപ്രവൃത്തി യാഥാര്‍ഥ്യമായി.
സെപ്റ്റംബര്‍ 17-നാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. തുടര്‍ന്ന് വെറും ഒരു മാസത്തിനുള്ളില്‍ സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി. സാധാരണഗതിയില്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കപ്പെടുന്ന 28 ദിവസത്തെ കാലാവധി കാത്തുനില്‍ക്കാതെ കരാറുകാരന് വേഗത്തില്‍ കരാറില്‍ ഏര്‍പ്പെട്ടതും നിര്‍മാണം നേരത്തേ ആരംഭിക്കാന്‍ സഹായിച്ചു.
നിര്‍മാണപ്രവൃത്തിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയായിരുന്നു അടുത്ത വെല്ലുവിളി. ജില്ലാ കളക്ടര്‍ എ നിസാമുദീന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രിമാരുടെ ഓഫീസുകളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തി ആവശ്യമായ മെറ്റീരിയലുകള്‍ സമയബന്ധിതമായി ലഭ്യമാക്കി. ഡെല്‍റ്റയില്‍ നിന്നുള്ള മെറ്റീരിയലുകളുടെ ലഭ്യത ഉറപ്പാക്കുന്നതിലും ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ നിര്‍ണായകമായി. തുടക്കം മുതല്‍ പദ്ധതി വേഗത്തില്‍ തീര്‍ക്കാന്‍ എല്ലാ തരത്തിലുള്ള സഹായവുമായി ജില്ലാ കളക്ടര്കൂടെ നിന്നു.
ടിപ്പര്‍ ലോറികള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനുള്ള പ്രത്യേക പാസ് ജില്ലാ കളക്ടര്‍ അനുവദിച്ചു.ബിറ്റുമിന്‍ ലഭ്യതയും മറ്റൊരു വെല്ലുവിളിയായിരുന്നു. എറണാകുളത്തെ പ്ലാന്റ് രാത്രിയിലും പ്രവര്‍ത്തിപ്പിക്കുന്നതിന് ബന്ധപ്പെട്ട റവന്യൂ അധികൃതരുമായി ഏകോപനം നടത്തി. ബിറ്റുമിന്‍ ക്ഷാമം ഉണ്ടായിരുന്ന സാഹചര്യത്തില്‍ ബി.പി.സി.എല്‍ അധികൃതരുമായും മന്ത്രിതലത്തിലും ഔദ്യോഗികതലത്തിലും ഇടപെട്ട് ആവശ്യമായ അളവില്‍ ബിറ്റുമിന്‍ ലഭ്യമാക്കി.
നിര്‍മാണവേഗം വര്‍ധിപ്പിക്കാന്‍ കരാറുകാരന് വിപുലമായ യന്ത്രസാമഗ്രികളും തൊഴിലാളികളെയും വിന്യസിച്ചു. പത്തിലധികം ജെ.സി.ബികള്‍, നിരവധി ടിപ്പര്‍ ലോറികള്‍, ആറ് റോളറുകള്‍, രണ്ട് ഗ്രേഡറുകള്‍, രണ്ട് പേവറുകള്‍ എന്നിവ ഒരേസമയം പ്രവര്‍ത്തനസജ്ജമാക്കി. 4.5 കിലോമീറ്റര്‍ റോഡിന്റെ ഇരുവശങ്ങളില്‍നിന്നും രണ്ട് സംഘങ്ങളായി നിര്‍മാണം മുന്നോട്ടുകൊണ്ടുപോയി. ആവശ്യമായ സാമഗ്രികള്‍ ഉറപ്പാക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ ഇടപെടലിനൊപ്പം കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ മികച്ച തയ്യാറെടുപ്പും പ്രവൃത്തിയുടെ വേഗം കൂട്ടി.
മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ശബരിമല മുന്നൊരുക്ക അവലോകന യോഗത്തിലാണ് ഈ പ്രവൃത്തി സമയബന്ധിതമായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാനുള്ള തീരുമാനം ഉണ്ടായത്. വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡിന്റെ പരിപാലനത്തിലായിരുന്ന ഈ റോഡിന്റെ ശോച്യാവസ്ഥ തീര്‍ഥാടനകാലത്തെ ഗതാഗതത്തിന് വലിയ വെല്ലുവിളിയായിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാതെ, ഈ പ്രത്യേക പ്രവൃത്തി മാത്രം ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ നിക്ഷേപത്തുകയ്ക്ക് പകരം സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയത്.
പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിന്റെ ഇടപെടല്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാക്കി.ജില്ലാ ഭരണകൂടത്തിനും പൊതുമരാമത്ത് വകുപ്പിനും പുറമെ പോലീസ് വകുപ്പും നിര്‍ണായക പിന്തുണ നല്കി. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നട തുറന്നിരുന്ന ഏഴ് ദിവസങ്ങളിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏകോപിപ്പിച്ച് നിര്‍മാണപ്രവൃത്തിക്ക് ആവശ്യമായ സാഹചര്യം ഒരുക്കി.
അസിസ്റ്റന്റ് എന്‍ജിനീയര്‍ മുതല്‍ ചീഫ് എന്‍ജിനീയര്‍ വരെയും വകുപ്പ് സെക്രട്ടറിയും മന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ ഏകോപിത ഇടപെടലാണ് പദ്ധതിക്ക് വേഗം പകര്‍ന്നത്.
കാലാവസ്ഥയും അനുകൂലമായിരുന്നു. നിര്‍മാണത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ വലിയ മഴ തടസ്സമാകാതിരുന്നതും പ്രവൃത്തി വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ പത്തനംതിട്ട ഡിവിഷന്, റാന്നി സബ് ഡിവിഷന്, ളാഹ സെക്ഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടപ്പാക്കിയത്. ളാഹ സെക്ഷനിലേക്ക് മറ്റു ഡിവിഷനില്‍ നിന്ന് ഉദ്യോഗസ്ഥരെ വിന്യസിച്ചു
എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത്ത് ബി.ടി.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘത്തിന്റെ ഏകോപനവും കരാറുകാരന്റെ ആത്മാര്‍ഥമായ സഹകരണവും ഈ നേട്ടത്തിന് പിന്നിലുണ്ട്.
ഒരു വികസനപ്രവൃത്തിയുടെ വിജയം അതിന്റെ വേഗതയില്‍ മാത്രമല്ല, അതിനായി കൈകോര്‍ക്കുന്ന മനുഷ്യരുടെ കൂട്ടായ്മയിലും അര്പ്പണബോധത്തിലുമാണ്. ചാലക്കയം-പമ്പ റോഡ് നവീകരണം ഈ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് ജില്ലാ കളക്ടര്‍ എ നിസാമുദീന്‍ പറഞ്ഞു.
ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം, ഭാവിയിലും ഇത്തരം പൊതുപ്രാധാന്യമുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് ഈ അനുഭവം നമുക്ക് വലിയ ആത്മവിശ്വാസം നല്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വകുപ്പുകള്‍ തമ്മിലുള്ള അതിരുകള്‍ക്കപ്പുറം കൈകോര്‍ത്തു പ്രവര്‍ത്തിക്കുമ്പോള്‍ വികസനത്തിന് സമയപരിധികളോ പ്രതിസന്ധികളോ തടസ്സമാകില്ല. അദ്ദേഹം ചുണ്ടിക്കാട്ടി
ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ അസാധ്യമെന്ന് കരുതുന്നതുപോലും സാധ്യമാക്കാം എന്നതിന്റെ പ്രായോഗിക മാതൃകയാണ് ചാലക്കയം-പമ്പ റോഡ് നവീകരണം. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും ജില്ലാ ഭരണകൂടത്തിന്റെ പേരില്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. വേഗത മാത്രമല്ല, വിവിധ വകുപ്പുകളുടെയും ഭരണതലങ്ങളുടെയും കൂട്ടായ ഇച്ഛാശക്തി ഒരു വികസനപ്രവൃത്തിയെ എങ്ങനെ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കാമെന്നതിന്റെ മാതൃക കൂടിയാണ് ചാലക്കയം-പമ്പ റോഡ് നവീകരണം.
(പിഎന്‍പി 2289/2026)








































































































































