കുരുമുളകിന് റെക്കോർഡ് വില, കാപ്പി വിലയും ഉയർന്നു

നാണയ വിപണിയിലെ പുതിയ സംഭവവികാസങ്ങൾ രാജ്യാന്തര കാപ്പി വിലയിൽ സമ്മർദം സൃഷ്ടിക്കുന്നു. വിളവെടുപ്പ് പുരോഗമിക്കുന്ന ബ്രസീലിനെയാണ് ഇത് കൂടുതൽ ബാധിക്കുക. ഡോളറിനെതിരെ ബ്രസീലിയൻ നാണയമായ റിയലിന്റെ മൂല്യം 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കഴിഞ്ഞ രാത്രി ഇടിഞ്ഞു. ഇത് ചൂട് പിടിച്ചു നിന്ന് ആഗോള കാപ്പി വിപണിയെ തണുപ്പിച്ചു. അറബിക്ക കാപ്പി വില ഏഴാഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ്. അതേസമയം, നാണയത്തിന്റെ മൂല്യത്തകർച്ച ബ്രസീലിയൻ കാപ്പി കയറ്റുമതിക്കാർക്ക് വിദേശ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ അവസരമൊരുക്കും. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുകയും കയറ്റുമതി നടത്തുകയും ചെയ്യുന്ന ബ്രസീലിന്റെ നീക്കം ഇതര ഉൽപാദക രാജ്യങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു.
ദുർബലമായ മൺസൂൺ ദക്ഷിണേന്ത്യയിലെ കാപ്പി ഉൽപാദനത്തെ നേരത്തെ പ്രതീക്ഷിച്ചതിലും കൂടുതൽ ബാധിച്ചേക്കും. കർണാടകത്തിൽ അറബിക്ക കാപ്പിയുടെ വിളവെടുപ്പ് നവരാത്രി ആഘോഷങ്ങൾക്കുശേഷം ആരംഭിച്ചു. കൂർഗ്, ചിക്കമംഗളൂരു മേഖലകളിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. കാലാവസ്ഥ അനുകൂലമായാൽ ഡിസംബർ ആദ്യം റോബസ്റ്റ കാപ്പിയുടെ വിളവെടുപ്പും ആരംഭിക്കും.
കാലാവസ്ഥാ വ്യതിയാനം മൂലം വയനാട് മേഖലയിൽ കാപ്പിമരങ്ങൾ പൂവിടുന്നതിലും പുതിയ കായ്കൾ പിടിക്കുന്നതിലും വ്യതിയാനങ്ങളുണ്ടായതിനാൽ വിളവെടുപ്പ് പല ഭാഗങ്ങളിലും പതിവിൽനിന്ന് അൽപ്പം വൈകാം. കൽപ്പറ്റയിൽ കാപ്പി ക്വിന്റലിന് 37,000 രൂപയിലാണ്. രാജ്യാന്തര റബർ വിപണിയിൽ ഉണർവ്. യെന്നിന്റെ വിനിമയ മൂല്യം 159 ലേയ്‌ക്ക് ദുർബലമായത് വിദേശ നിക്ഷേപകരെ ജപ്പാനിലേക്ക് ആകർഷിച്ചു. ഒസാക്കയിൽ റബർ കിലോ 425 യെന്നിൽനിന്ന് 440 യെൻ വരെ ഉയർന്നു. എന്നാൽ ഈ വിലവർധനയെ പൂർണമായും ഒരു ബുൾ റാലിയായി വിലയിരുത്താനായിട്ടില്ല. 445 യെൻ മറികടന്നാൽ മാത്രമേ മുന്നേറ്റത്തിന് കൂടുതൽ വ്യക്തത കൈവരൂ. നിലവിലെ കുതിപ്പ് ഊഹക്കച്ചവടക്കാരിൽ നിന്നുള്ള ഷോർട്ട് കവറിങ്ങിന്റെ ഭാഗമായും വിലയിരുത്താം. ബാങ്കോക്കിൽ റബർ കിലോയ്ക്ക് 257 രൂപയിലാണ്. കൊച്ചിയിൽ നാലാം ഗ്രേഡ് റബറിന് കിലോയ്ക്ക് 290 രൂപ. അനുകൂല കാലാവസ്ഥ തോട്ടം മേഖലയിലെ കർഷകരുടെ ആത്മവിശ്വാസം ഉയർത്തുന്നു. നേരത്തെ ടാപ്പിങ്ങിന് ഉത്സാഹം കാണിക്കാതെ മാറിനിന്ന പലരും വിലക്കയറ്റം കണ്ട് റബർ വെട്ട് പുനരാരംഭിച്ചു. ഷീറ്റിന്റെ ഉയർന്ന വില കാർഷിക മേഖലയിലെ സമ്പദ്‌വ്യവസ്ഥയ്ക്കും കരുത്തുപകരും. അന്തർസംസ്ഥാന വ്യാപാരികളിൽ നിന്നുള്ള ശക്തമായ വാങ്ങൽ താല്പര്യത്തെ തുടർന്ന് , കുരുമുളക് വില വീണ്ടും വർധിച്ചു. ഉൽപ്പന്നം റെക്കോർഡ് നിരക്കിൽ, ക്വിന്റലിന് 200 രൂപ വർധിച്ചു. അൺഗാർബിൾഡ് കുരുമുളകിന് 74,600 രൂപയും ഗാർബിൽഡിന് 76,600 രൂപയും പുതിയ കുരുമുളകിന് 73,600 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്.








































































































































