വിളവെടുപ്പ് അടുത്തപ്പോള്‍ കാലം തെറ്റിയ മഴ: ഇരട്ടി ദുരിതം പേറി കാപ്പി കര്‍ഷകര്‍
കട്ടപ്പന: കാപ്പികര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കി വിളവെടുപ്പടുക്കുമ്പോള്‍ കാലംതെറ്റിയ മഴ. രണ്ടാഴ്ച്ചയിലധികമായി ഹൈറേഞ്ച് മേഖലയില്‍ മഴ തോര്‍ന്നിട്ടില്ല. കാപ്പിക്കുരു പഴുത്തു തുടങ്ങിയതോടെ ഈ മാസം അവസാനമോ, ഡിസംബര്‍ ആദ്യ വാരമോ വിളവെടുപ്പിനു സമയമാകും. ഈസമയത്തുണ്ടാകുന്ന തോരാ മഴയാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിളവെടുപ്പിനു പിന്നാലെ അപ്രതീക്ഷിതമായി മഴ പെയ്തിരുന്നു. ഇതോടെ നിരവധി കര്‍ഷകരുടെ കാപ്പിക്കുരു പൂപ്പല്‍ പിടിച്ച് നശിച്ചു. വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ കാപ്പികൃഷി കൂട്ടത്തോടെ ഉപേക്ഷിക്കുന്നതിനിടെയിലാണ് കാലാവസ്ഥയും തിരിച്ചടിയാകുന്നത്
.
കാലം തെറ്റിയുള്ള മഴയെ തുടര്‍ന്ന് കാപ്പിച്ചെടികളില്‍ കുരു പാകമാകുന്നത് വിവിധ ഘട്ടങ്ങളിലായിട്ടാണ്. ഇതും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പലഘട്ടങ്ങളിലായി വിളവെടുപ്പ് നടത്തുമ്പോള്‍ കര്‍ഷകരുടെ ചിലവും ഇരട്ടിയാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പെരുമഴയില്‍ കാപ്പിച്ചെടികളില്‍ നിന്നും വ്യാപകമായി കൊഴിഞ്ഞു പോക്കും ഉണ്ടായിട്ടുണ്ട്.
വര്‍ഷങ്ങളായി കാപ്പിക്കുരുവിനു വില ഉയരാത്തതിനാല്‍ കര്‍ഷകര്‍ വ്യാപകമായി കൃഷി ഉപേക്ഷിക്കുകയാണ്. ഹൈറേഞ്ച് മേഖലയില്‍ ബ്രീട്ടിഷ് ഭരണകാലത്തോളം പഴക്കമുള്ള കാപ്പിത്തോട്ടങ്ങള്‍ പലതും ഇന്ന് വെട്ടി മാറ്റിക്കഴിഞ്ഞു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇടുക്കി ജില്ലയില്‍ കാപ്പി കൃഷി അന്യമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.