കൊപ്ര വില ഉയർന്നു, വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല

ഉത്സവാഘോഷങ്ങൾക്കായി ഉത്തരേന്ത്യൻ വ്യാപാരികൾ വിപണിയിൽനിന്ന് പിൻവാങ്ങിയത് കണക്കിലെടുത്ത് കാർഷിക മേഖല ലേലത്തിന് എത്തിക്കുന്ന ഏലത്തിന്റെ അളവ് നിയന്ത്രിച്ചു. ഒരുപരിധിവരെ ഉൽപാദന കേന്ദ്രങ്ങളിൽനിന്നുള്ള ഈ നീക്കം ഉൽപന്നത്തിന് താങ്ങായി. ആകെ 36,219 കിലോ ഏലമാണ് ലേലത്തിന് എത്തിയത്. ഇതിൽ 35,937 കിലോയും വിറ്റഴിഞ്ഞു. കയറ്റുമതി മേഖലയിൽനിന്നും ഏലത്തിന് വാങ്ങൽ താൽപര്യം നിലനിന്നു. ശരാശരി ഇനങ്ങൾ കിലോയ്ക്ക് 3156 രൂപയിലും മികച്ചയിനങ്ങൾ 3764 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്തെ ഒരു വിഭാഗം വ്യവസായികൾ സംഘടിതമായി കൊപ്ര വില വീണ്ടും ഉയർത്തി. കൊച്ചി, തൃശൂർ വിപണികളിൽ കൊപ്ര ക്വിന്റലിന് 100 രൂപ വർധിച്ചെങ്കിലും വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. ഉയർന്ന വില നൽകി എണ്ണ ശേഖരിക്കാൻ പ്രാദേശിക വ്യാപാരികൾ താൽപര്യം കാണിച്ചില്ല. ദീപാവലി അവധിക്കുശേഷം വിപണനം പുനരാരംഭിച്ച തമിഴ്നാട് വിപണിയിൽ നാളികേരോൽപന്നങ്ങളുടെ വില ഇന്ന് സ്ഥിരതയോടെ നിലകൊണ്ടു.
ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകർ തിരിച്ചെത്തിയത് വിലയിൽ നേരിയ ഉണർവിന് വഴിയൊരുക്കി. ജപ്പാനിലെയും ചൈനയിലെയും വിപണികളിലെ വാങ്ങൽ താൽപര്യം റബർ വിപണിക്ക് പ്രതീക്ഷ പകർന്നു. ഇന്നലെ താഴ്ന്ന നിരക്കായ കിലോയ്ക്ക് 415 യെന്നിൽനിന്ന് ഇടപാടുകളുടെ ആദ്യ മണിക്കൂറിൽ തന്നെ ഒസാക്കയിൽ റബർ 425 യെൻ വരെ ഉയർന്നു. ഇതിനിടെ, കാലാവസ്ഥ അനുകൂലമായതോടെ തായ്ലൻഡിൽ മാത്രമല്ല, വിയറ്റ്നാമിലും ടാപ്പിങ് സീസണിന് തുടക്കമായെന്ന വിവരം ബാങ്കോക്ക് വിപണിയെ സമ്മർദത്തിലാക്കി. ബാങ്കോക്കിൽ റബർ കിലോ 261 രൂപയിൽനിന്ന് ഏഴ് രൂപ ഇടിഞ്ഞ് 254 രൂപയായി. തായ് വിപണിയിൽ മൂന്നാം ഗ്രേഡ് റബർ കിലോ 82.50 ബാത്തിലാണ്, ചില മേഖലകളിൽ 80 ബാത്തിലും ഇടപാടുകൾ നടന്നു. വിലയിടിവ് അവസരമാക്കി ചൈനീസ് വ്യവസായികൾ സ്റ്റോക്ക് ഉയർത്താൻ രംഗത്തിറങ്ങാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തെ ഒട്ടുമിക്ക ഭാഗങ്ങളിലും കർഷകർ ടാപ്പിങ്ങിന് ഉത്സാഹിച്ചു. കഴിഞ്ഞ ദിവസം വിപണി കാഴ്ചവെച്ച റെക്കോർഡ് പ്രകടനം ഉൽപാദകരിൽ വലിയ ആവേശമുണർത്തി. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ കിലോയ്ക്ക് 290 രൂപയിൽ സ്റ്റെഡിയായി വ്യാപാരം നടന്നു.






































































































































