പാചക വാതക വില വർധനയ്ക്കെതിരെ പ്രക്ഷോഭം കടുപ്പിച്ച് കാറ്ററിംഗ് അസോസിയേഷൻ. കേന്ദ്ര സർക്കാരിന്റെ സമീപനം മേഖലയെ തകർക്കുന്നതെന്ന് നേതാക്കൾ
കട്ടപ്പന :തുടർച്ചയായ് ഉയരുന്ന പാചക വാതക വില വർധനയ്ക്കെതിരെയാണ് ആൾ കേരള കാറ്ററിംഗ് അസോസിയേഷൻ സമര രംഗത്തേയ്ക്ക് എത്തിയിരിക്കുന്നത്.കഴിഞ്ഞ ഒക്ടോബറിൽ ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് പതിനഞ്ച് രൂപ കൂടി വർധിപ്പിച്ചതോടെ ഈ വർഷം ഇതുവരെ 205 രൂപയുടെ വർധനയാണ് ഗാർഹിക സിലിണ്ടറുകൾക്ക് ഉണ്ടായിരിക്കുന്നത്. വാണിജ്യ സിലിണ്ടറിന് ഈ വർഷം 409 രൂപയാണ് വർധിപ്പിച്ചത്.
രണ്ടായിരം രൂപയ്ക്കടുത്താണ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ ഇപ്പോഴത്തെ വില.കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ ബുദ്ധിമുട്ടുന്ന ഹോട്ടൽ – കാറ്ററിംഗ് വ്യവസായത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നാരോപിച്ചാണ് കാറ്ററിംഗ് അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തിയത്.
ഗ്യാസ് സിലിണ്ടറുകൾ നിരത്തിയായിരുന്നു പ്രതിഷേധം.ആൾ കേരള കാറ്ററിംഗ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റി കട്ടപ്പന ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ നടത്തിയ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു, ഇടുക്കിയിൽ കട്ടപ്പനയ്ക്ക് പുറമേ തൊടുപുഴയിലും സമരം നടന്നു. ജില്ലാ പ്രസിഡന്റ് മാത്യൂസ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.