സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ഓപ്പൺ ചെസ് ടൂർണമെന്റ് നവംബർ 14ന്; 350ലധികം താരങ്ങൾ പങ്കെടുക്കും

സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ചെസ് ടൂർണമെന്റ് 2026 നവംബർ 14 ശനിയാഴ്ച നടക്കും. രാവിലെ 9 മുതൽ സ്വരാജ് സയൻ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം. 350ലധികം താരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ടൂർണമെന്റ് ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ചെസ് മത്സരങ്ങളിലൊന്നായി മാറും. ജില്ലയിൽ ഏറ്റവും വലിയ ചെസ് മാമാങ്കത്തിനാണ് കാഞ്ചിയാർ വേദിയാകുന്നത്.
ഓപ്പൺ, 15 വയസ്സിൽ താഴെയുള്ളവർ, 10 വയസ്സിൽ താഴെയുള്ളവർ, സീനിയേഴ്സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് 50,000 രൂപയിലധികം വിലമതിക്കുന്ന ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനമായി നൽകും.
രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനം സ്വരാജ് സയൻ പബ്ലിക് സ്കൂൾ മാനേജർ റവ. ഡോ. ഫാദർ ഇമ്മാനുവേൽ കിഴക്കേതലക്കൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ഇടുക്കി എം.എൽ.എ. റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തും. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
മറ്റ് ജനപ്രതിനിധികളും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
സംഘാടക സമിതി ചെയർമാൻ ജിൽസൺ ചിലമ്പിൽ നേതൃത്വം നൽകുന്ന കമ്മിറ്റിയിൽ ബേബിച്ചൻ കിഴക്കേമുറി, മനോജ് എം.വി., സണ്ണി കക്കുഴി, റെജി കൂനാനി, സുഗതകുമാർ കെ.ജി., സജികുമാർ, ജോർജ് ജോസഫ് മമ്പ്ര, ജോസഫ് മുണ്ടപ്ലാക്കൽ, ഔസേപ്പച്ചൻ കൂനംപാറ, പ്രിൻസ് മറ്റപ്പള്ളി എന്നിവർ അംഗങ്ങളാണ്.
ചെസ്സ് കായികരംഗത്തിന് പ്രോത്സാഹനം നൽകുന്നതിനും കുട്ടികളിലും യുവജനങ്ങളിലും ചിന്താശേഷിയും ഏകാഗ്രതയും വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് വിപുലമായ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ ചെസ്സ് പ്രേമികൾക്ക് ആവേശകരമായ മത്സരവേദിയൊരുക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിവരികയാണ്.






































































































































