കട്ടപ്പന കൊച്ചു തോവാള ചിന്നമ്മ കൊലക്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി, പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആക്ഷൻ കൗൺസിലിന്റെ ആരോപണത്തെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്
കട്ടപ്പന: അന്വേഷണത്തിലെ വീഴ്ച്ച മൂലം ഏറെ കോളിളക്കം സൃഷ്ടിച്ച കട്ടപ്പന കൊച്ചു തോവാളയിലെ ചിന്നമ്മ കൊലപാതകം ക്രൈം ബ്രാഞ്ചിന് കൈമാറി. ഈ മാസം എട്ടാം തിയതിയാണ് ലോക്കൽ പോലീസ് കേസ് ഫയൽ ജില്ലാ ക്രൈം ബ്രാഞ്ച് ബ്യൂറോയ്ക്ക് നൽകിയത്.പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന ആക്ഷൻ കൗൺസിലിന്റെ പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി .ജില്ലാ ക്രൈം ബ്രാഞ്ച് ബ്യൂറോ സർക്കിൾ ഇൻസ്പെക്ടർ യൂനസിനാണ് അന്വേഷണ ചുമതല, വെള്ളിയാഴ്ച്ച അന്വേഷണ സംഘം കൊലപാതകം നടന്ന വീട് സന്ദർശിക്കുമെന്നാണ് സൂചന.
ഏപ്രിൽ എട്ടിന് പുലർച്ചെയാണ് കൊച്ചു തോവാള പുത്തൻപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മയെ വീടിനുള്ളിലെ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പീന്നീട് പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ചിന്നമ്മയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഭർത്താവ് ജോർജ് മൊഴി നൽകിയതോടെ മോഷണം നടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചെങ്കിലും വ്യക്തമായ തെളിവുകളോ,സ്വർണ്ണാഭരണങ്ങളോ കണ്ടെത്താനായില്ല.പിന്നീട് അന്വേഷണം ഭർത്താവ് ജോർജിലേയ്ക്കും നീണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ശേഖരിക്കാൻ പോലീസിനായില്ല. അയൽവാസികളെയും , ഇവിടെ ജോലിക്കെത്തിയ തൊഴിലാളികളടക്കം നൂറിലധികം ആളുകളെ ചോദ്യം ചെയ്തെങ്കിലും ഡി വൈ എസ് പി അടങ്ങിയ അന്വേഷണ സംഘത്തിന് തുമ്പൊന്നും ലഭിച്ചില്ല.ഇതിനിടെ കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നാരോപിച്ച് ആക്ഷൻ കൗൺസിലിനും നാട്ടുകാർ രൂപം നൽകി. കുറ്റകൃത്യം തെളിയിക്കുന്നതിലെ അലംഭാവം ചൂണ്ടിക്കാണിച്ച് മന്ത്രി റോഷി അഗസ്റ്റിനടക്കം ആക്ഷൻ കൗൺസിൽ നിവേദനം നൽകിയിരുന്നു.
തുടരന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത് സ്വാഗതാർഹമെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. അതേസമയം സംശയ നിഴലിൽ നിൽക്കുന്ന ഭർത്താവ് ജോർജിനെ തിരുവനന്തപുരത്തെത്തിച്ച് നുണ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും പോലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചില്ലക്രൈം ബ്രാഞ്ചിലേയ്ക്ക് കേസ് എത്തിയതോടെ പ്രതി ഉടൻ വലയിലാകുമെന്ന പ്രതീക്ഷയിലാണ് ആക്ഷൻ കൗൺസിലും, നാട്ടുകാരും ..