ചീഫ് ജസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ഏക്സ് പോസ്റ്റിൽ കെ പി സി സിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കോടതിയലക്ഷ്യം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കെ പി സി സി പ്രസിഡന്‍റിനടക്കം കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികൾക്കും കോടതി നോട്ടീസ് അയച്ചു. കോടതിയെ ഇടിച്ചു താഴ്ത്തിയാൽ ഇരുമ്പ് മുഷ്‌ടി കൊണ്ട് നേരിടുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. കേസിൽ സിവിൽ ക്രമിനിൽ കോടതിലയക്ഷ്യ നടപടി സ്വീകരിക്കണോ എന്ന് പരിശോധിക്കാൻ അമിക്കസ് ക്യൂറിയെയും സുപ്രീംകോടതി നിയോഗിച്ചു.
വിശദവിവരങ്ങൾ
ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റിലാണ് സുപ്രീംകോടതി നടപടി. ഒക്ടോബർ 12 ന് വന്ന പോസ്റ്റിൽ, നിയമസമാധാന പാലനം ചുമതലയല്ലെങ്കിൽ ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്നും പകരക്കാരനെ കണ്ടെത്തുമെന്നും പരാമർശിച്ചിരുന്നു. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.അഭിഭാഷകൻ വിനീത് ജിൻഡാൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി പരിഗണിച്ചത്. കെ പി സി സി ഭാരവാഹികളുടെ അനുമതിയില്ലാതെ പാർട്ടി പ്രവർത്തകനാണ് പോസ്റ്റ് ചെയ്തതെന്നും പിന്നീട് നീക്കം ചെയ്തെന്നും നിരുപാധികം മാപ്പുപറഞ്ഞെന്ന് അഭിഭാഷകരായ എം ആർ രമേശ്ബാബു, സുഭാഷ് ചന്ദ്രൻ എന്നിവർ വ്യക്തമാക്കി. എന്നാൽ മാപ്പ് പേനയിൽ നിന്നാണോ ഹൃദയത്തിൽ നിന്നാണോ വന്നതെന്ന് പരിശോധിക്കുമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ പറഞ്ഞു. കൂടാതെ ഉത്തരവിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി ഉയർത്തി. ഭരണഘടനയാണ് എല്ലാത്തിനും മുകളിൽ. ഒരു രാഷ്ട്രീയപാർട്ടിയും വ്യക്തിയും ഇതിനു മുകളിൽ അല്ല. രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ചല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ വിലയിരുത്തേണ്ടതെന്നും കോടതി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ ഭീഷണിയും കൈകടത്തിലും അനുവദിക്കില്ല. കോടതിക്ക് രാഷ്ട്രീയപാർട്ടിയുടെ അംഗീകാരം വേണ്ടെന്നടക്കം വിമർശനങ്ങൾ നീണ്ടു. കെ പി സി സി പ്രസിഡന്റിന് മാത്രം നോട്ടീസ് പരിമിതപ്പെടുത്തില്ലെന്നും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ എല്ലാ ഭാരവാഹികൾക്കും നോട്ടീസ് അയ്ക്കുകയാണെന്നും കോടതി അറിയിച്ചു. എല്ലാവർക്കുമായി നോട്ടീസ് സ്വീകരിക്കാൻ കെ പി സി സിക്കായി ഹാജരായ സുഭാഷ് ചന്ദ്രൻ ആൻഡ് കവിത അസോസിയേറ്റ്സിനോട് നിർദ്ദേശിച്ചു. ഭാരവാഹികൾ അൻപത് പേരെങ്കിലും വരുമെന്ന് അഭിഭാഷകർ അറിയിച്ചതോടെ ഇവരെ നേരിട്ട് ഹാജരാകുന്നിൽ നിന്ന് കോടതി ഒഴിവാക്കി. കേസിലെ തുടർനടപടികൾക്കായി മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദത്താറിന്റെയും സിദ്ധാർഥ് അഗർവാളിന്റെയും സഹായം തേടുന്ന കാര്യവും കോടതി പരിഗണിച്ചു. അറ്റോർണി ജനറലിന്റെ സഹായവും അഭ്യർഥിച്ചു.1971 ലെ കോടതിയലക്ഷ്യ നിയമപ്രകാരം ക്രിമിനൽ അല്ലെങ്കിൽ സിവിൽ കോടതിയലക്ഷ്യ നടപടികൾ വേണമോയെന്ന് കോടതി പരിശോധിക്കും. കേസിന്റെ മെറിറ്റിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.








































































































































