കപ്പൽ നിർമ്മാണത്തിൽ സഹകരിക്കും; ജപ്പാൻ സംഘം കൊച്ചിയിൽ

കേരളവും ജപ്പാനുമായുള്ള സാമ്പത്തിക, വ്യവസായ, ടൂറിസം സഹകരണം ശക്തിപ്പെടുത്തുന്നതിന് ഭാഗമായി ഉന്നതതല ജപ്പാൻ സംഘം ഇന്തോ – ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സുമായി ധാരണയായി. ജപ്പാന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് കപ്പലുകൾ നിർമ്മിക്കുന്നതിനും പുതിയ വയോജന വകുപ്പിന്റെ വളർച്ചയിലും സഹകരിക്കാമെന്നും ജപ്പാൻ സംഘം അറിയിച്ചു.
അടുത്തവർഷം കേരളവും ജപ്പാനും തമ്മിൽ ബിസിനസ് , സാംസ്കാരിക, സ്പോർട്സ് വിനിമയ പരിപാടികൾ സംഘടിപ്പിക്കും. കേരള സംഘത്തെ ജപ്പാനിലേക്കും ക്ഷണിച്ചു. ഇന്ത്യയും ജപ്പാനും നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 75 വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് 21 അംഗ ജപ്പാൻ സംഘത്തിന്റെ സന്ദർശനം. ഇൻജാക്കിന്റെ ഇൻഹൗസ് മാസികയായ ‘മിനോറി’ സംയുക്തമായി പ്രകാശനം ചെയ്തു. ജപ്പാനിലെ സാൻ ഇൻ ഗോഡോ ബാങ്ക് ചെയർമാൻ ടോറു യമസാക്കി, മാറ്റ്സൂയി ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഷോ മോൻ ടാനബേ, കെ എസ് ഐ ഡി സി ചെയർമാൻ സി.ബാലഗോപാൽ,ഇന്തോ- ജപ്പാൻ ചേബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സി ജെ ജോർജ്,മുൻപ്രസിഡന്റ് ഡോക്ടർ വിജു ജേക്കബ്, സെക്രട്ടറി ബേബി മാത്യു, മുൻ വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറിയും ഇൻജാക്ക് സ്ഥാപക പ്രസിഡന്റുമായ ടി ബാലകൃഷ്ണൻ, മുൻ ഷിപ്പ്യാർഡ് ചെയർമാൻ മധു എസ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.







































































































































