ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി പമ്പയും സന്നിധാനവും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി പത്തനംതിട്ട ജില്ല. റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാറിന്റെ അധ്യക്ഷതയിൽ പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ സുരക്ഷ, ആരോഗ്യസംരക്ഷണം, ഗതാഗതം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ വിപുലമായ ക്രമീകരണങ്ങൾ വിലയിരുത്തി.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കൺട്രോൾ റൂമുകൾ സജ്ജമാക്കും. പ്രധാന വകുപ്പുകളിലെ നോഡൽ ഓഫീസർമാർ ഇവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. നിലയ്ക്കലിൽ പോലീസിന്റെ കൺട്രോൾ റൂമും ഇന്റഗ്രേറ്റഡ് കൺട്രോൾ റൂമും ഒരുമിച്ചായിരിക്കും പ്രവർത്തിക്കുക. തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രത്യേക മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെ 18 സെക്ടറുകളായും പമ്പ, നിലയ്ക്കൽ മേഖലകളെ 15 സെക്ടറുകളായും തിരിച്ച് മോണിറ്ററിംഗ് ഓഫീസർമാരെ നിയോഗിക്കും. വിന്യസിക്കേണ്ട പോലീസ് സേനയും അഗ്നിരക്ഷാ സേനയും പൂർണ സജ്ജമാണ്.
തീർത്ഥാടന പാതകളിലും കാനനപാതയിലുമായി 22 എമർജൻസി മെഡിക്കൽ സെന്ററുകൾ നവംബർ 10-ഓടെ പ്രവർത്തനസജ്ജമാകും. സന്നിധാനത്ത് മൂന്ന് ആംബുലൻസുകളുടെ സേവനമുണ്ടാവും. അതോടൊപ്പം കാനനപാതയിൽ ഓഫ് റോഡ് ആംബുലൻസും ഇത്തവണ ആദ്യമായി സജ്ജമാക്കും. കരിമല ഡിസ്പെൻസറിയിൽ തീർത്ഥാടനത്തിന്റെ ആദ്യ ദിവസം മുതൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പുമായി നടപടി സ്വീകരിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ സമീപത്തെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് 120 സന്നദ്ധപ്രവർത്തകരടങ്ങുന്ന സ്ട്രെച്ചർ സർവീസ് പ്രവർത്തിക്കും. ഡ്യൂട്ടിയിലുള്ള നഴ്സിംഗ് ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവർക്ക് സിപിആർ പരിശീലനവും നൽകും. 22 കേന്ദ്രങ്ങളിൽ സിപിആർ സേവനം ലഭ്യമാക്കും.
തീർത്ഥാടനകാലത്ത് ശുചിത്വം ഉറപ്പാക്കുന്നതിന് ശുചിത്വ മിഷന്റെ ‘നിർമ്മലം ശബരിമല’ പദ്ധതിയുടെ ഭാഗമായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കും. പത്തനംതിട്ട ജില്ലയിലെ ശബരിമലയിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിദ്യാർഥികൾ, വിവിധ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ നവംബർ 9-ന് മെഗാ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിക്കും. 15-നകം റോഡുകൾ. പൂർണ്ണമായും മാലിന്യമുക്തമാക്കും.
ജില്ലാ കളക്ടർ ചെയർമാനായും അടൂർ ആർഡിഒ കൺവീനറുമായ,,സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആയിരത്തോളം സേനാംഗങ്ങൾ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. നട തുറക്കുന്നതിന് മുൻപ് തന്നെ പ്രധാന കേന്ദ്രങ്ങളിലെ ശുചീകരണം പൂർത്തിയാക്കും. ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ 50 ടണ്ണോളം പഴയ മാലിന്യവും സ്ക്രാപ്പും ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. പമ്പയിൽ ഭക്തർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന ശേഖരിച്ച് നീക്കം ചെയ്യും. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുന്നതിനൊപ്പം മാലിന്യം വേർതിരിച്ച് നിക്ഷേപിക്കാൻ പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക ബിന്നുകളും സ്ഥാപിക്കും. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണവും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കലും നടത്തും.
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പമ്പ മുതൽ ളാഹ വരെയുള്ള റോഡിൽ ‘സേഫ് സോൺ’ പദ്ധതി നടപ്പാക്കും. 24 മണിക്കൂറും റോഡ് സുരക്ഷാ പട്രോളിംഗും മൊബൈൽ വർക്ക്ഷോപ്പ് സൗകര്യവും ഇതിന്റെ ഭാഗമായി ലഭ്യമാക്കും. കെഎസ്ആർടിസി ബസുകളുടെ സുരക്ഷാ ഓഡിറ്റും ട്രാക്ടറുകളുടെ പരിശോധനയും ഡ്രൈവർമാർക്കുള്ള പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്. നവംബർ 11, 12 തീയതികളിൽ ട്രാക്ടറുകൾക്ക് പരിശോധനാ സ്റ്റിക്കറുകൾ വിതരണം ചെയ്യും. നിലയ്ക്കലിൽ പോലീസിന്റെ എ.ഐ അധിഷ്ഠിത പാർക്കിംഗ് സംവിധാനവും ഒരുക്കും.
ക്യൂവിൽ കാത്തുനിൽക്കുന്ന തീർത്ഥാടകർക്ക് ആദ്യ ദിവസം മുതൽ കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യും. ഡോളി സേവനത്തിന് ഏകീകൃത നിരക്ക് ഉറപ്പാക്കുന്നതിനായി പ്രീപെയ്ഡ് കൗണ്ടർ സംവിധാനം ഏർപ്പെടുത്തും. ഇതിന്റെ രജിസ്ട്രേഷൻ നവംബർ 12-നകം പൂർത്തിയാക്കും. പമ്പയിലും സന്നിധാനത്തുമുള്ള ശൗചാലയങ്ങൾ തീർത്ഥാടകർക്ക് ഇത്തവണ സൗജന്യമായി ഉപയോഗിക്കാനാകും.
പമ്പയിലെ ജലലഭ്യത വാട്ടർ അതോറിറ്റി ഉറപ്പാക്കും. ഏകദേശം 30 കുളിക്കടവുകളുടെ ശുചീകരണവും ബാരിക്കേഡ് നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്. നവംബർ 12-നകം വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും കുളിക്കടവുകളിലും പരിസരങ്ങളിലും വെളിച്ചം ഉറപ്പാക്കുകയും ചെയ്യും. പമ്പയിലും പരിസരങ്ങളിലും തെരുവുവിളക്കുകളുടെ പ്രവർത്തനവും ഉറപ്പാക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള എട്ട് ഇടത്താവളങ്ങളിൽ കുടിവെള്ളം, ശൗചാലയം, മൊബൈൽ ചാർജിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ബിഎസ്എൻഎൽ മുഖേന ആവശ്യമായ നെറ്റ്വർക്ക് കണക്ഷനുകളും ഉറപ്പാക്കും.
തീർത്ഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണവും സാധനങ്ങളും നിശ്ചിത നിരക്കിൽ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിശ്ചിത വിലവിവരങ്ങൾ ഔദ്യോഗിക പോർട്ടലിൽ പ്രസിദ്ധീകരിക്കും. ലീഗൽ മെട്രോളജി, റവന്യൂ, ആരോഗ്യം, സാനിറ്റേഷൻ സൊസൈറ്റി എന്നിവയുടെ സംയുക്ത സ്ക്വാഡുകൾ വിലനിലവാരവും ശുചിത്വവും പരിശോധിക്കും.
വൈദ്യുത വാഹനങ്ങൾക്കായി പമ്പയിൽ കെഎസ്ഇബി ഫാസ്റ്റ് ചാർജിങ് സൗകര്യം ഒരുക്കും. ഒരേസമയം നാല് വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനത്തിൽ ഏകദേശം അരമണിക്കൂറിനുള്ളിൽ വാഹനം ചാർജ് ചെയ്യാനാകും. നിലയ്ക്കലിലും 15 ദിവസത്തിനകം ചാർജിങ് സൗകര്യം ഏർപ്പെടുത്താൻ നടപടികൾ സ്വീകരിക്കുന്നുണ്ട്.
സന്നിധാനത്ത് അപ്പം, അരവണ എന്നിവയുടെ വിതരണം തടസ്സമില്ലാതെ നടത്തുന്നതിന് ദേവസ്വം ബോർഡ് ഉൽപ്പാദനശേഷി വർധിപ്പിക്കുകയും ആവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പ്രത്യേക എമർജൻസി ഓപ്പറേഷൻസ് ഓഫീസറെയും പമ്പയിൽ നിയോഗിച്ചിട്ടുണ്ട്.
ചാലക്കയം – പമ്പ റോഡിന്റെ ടാറിങ് നവംബർ 12-നകവും റോഡ് മാർക്കിങ് പ്രവൃത്തികൾ 15-നകവും പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കും. എല്ലാ വകുപ്പുകളുടെയും കൃത്യമായ ഏകോപനത്തിലൂടെ സുരക്ഷിതവും സുഗമവുമായ തീർത്ഥാടനകാലം ഉറപ്പാക്കുമെന്നും യോഗം വിലയിരുത്തി.




































































































































