കട്ടപ്പനയിലെ മിനി സിവിൽ സ്റ്റേഷൻ പരിസരം കാടുകയറി കിടന്നിട്ടും വൃത്തിയാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.

ഡിഇഒ, എഇഒ, എക്സൈസ്, സബ് രജിസ്ട്രാർ ഓഫീസ് അടക്കം നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പരിസരമാണ് കാടും പടർപ്പുകളും മൂടി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുന്നത്. അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ബിജെപി നേരിട്ട് ശുചീകരണത്തിനിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകി.
കട്ടപ്പനയിലെ പൊതുജനങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്ന മിനി സിവിൽ സ്റ്റേഷൻ ഇന്ന് അവഗണനയുടെ പര്യായമായി മാറിയിരിക്കുകയാണ് എന്ന് ബിജെപി ആരോപിക്കുന്നു. നിലവിൽ നിരവധി ആളുകൾ എത്തുന്ന ഡിഇഒ ഓഫീസ്, എഇഒ ഓഫീസ്, എക്സൈസ് ഓഫീസ്, രജിസ്ട്രാർ ഓഫീസ് എന്നിവയെല്ലാം ഇവിടെയാണ് പ്രവർത്തിക്കുന്നത്. കൂടാതെ കൂടുതൽ സർക്കാർ ഓഫീസുകൾ ഇങ്ങോട്ടേക്ക് മാറ്റാനിരിക്കെയാണ്.നിലവിലെ ഈ പരിതാപകരമായ അവസ്ഥയിൽ
ഓഫീസുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും പാമ്പ് അടക്കമുള്ള ഇഴജന്തുക്കളുടെ ഭീതിയിലാണ് ഇതുവഴി കടന്നുപോകുന്നത് എന്നും ബിജെപി നേതാക്കൾ പറഞ്ഞു. കാടുകയറി നശിച്ച പ്രദേശത്ത് വ്യാപകമായി മാലിന്യം തള്ളുന്ന സ്ഥിതിയും കൂടുതൽ വഷളാകുന്നു.
പ്രദേശത്തെ കാടും പടർപ്പുകളും അടിയന്തരമായി വെട്ടിത്തെളിച്ച് സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു കഴിഞ്ഞു.
സംസ്ഥാന സർക്കാരും ബന്ധപ്പെട്ട തദ്ദേശഭരണ അധികാരികളും ഉടൻ പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ബിജെപി പ്രവർത്തകർ നേരിട്ടെത്തി മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കുമെന്ന് പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകി.




































































































































