ശുഭാനന്ദ തപോഗിരി തീർത്ഥാടനം നവംബർ 6 മുതൽ 17 വരെ നടക്കും

ദിവ്യതപസ്സിന്റെ പൂർത്തീകരണത്തിൻ്റെ 112-ാം വാർഷികത്തിൽ കേരളത്തിനകത്തുനിന്നും പുറത്തു നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തും.നവംബർ 17ന് സംഘടിപ്പിക്കുന്ന സമ്മേളനം കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും.
ആത്മബോധയ സംഘം സ്ഥാപകൻ ശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ ദീർഘമായ തപോചര്യയാൽ പവിത്രമായ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കരുന്തരുവിക്ക് സമീപമുള്ള അമ്പലപ്പാറ ശ്രീശുഭാനന്ദ തപോഗിരിയിലേക്ക് സംഘടിപ്പിക്കുന്ന ഈ വർഷത്തെ തീർത്ഥാടനം നവംബർ 6 മുതൽ 17 വരെ നടക്കും. ഗുരുദേവൻ്റെ ദിവ്യ തപസ്സിൻ്റെ പൂർത്തീകരണത്തിൻ്റെ 112-ാം വാർഷികം കൂടിയാണ് ഈ വർഷം. ആത്മബോധോദയ സംഘത്തിൻ്റെയും അമ്പലപ്പാറ ശ്രീശുഭാനന്ദ തപോഗിരി സേവാസമിതിയുടെയും ആഭിമുഖ്യത്തിലാണ് പന്ത്രണ്ടു ദിവസം നീളുന്ന തീർത്ഥാടന പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഓരോ വർഷവും കേരളത്തിനകത്തും പുറത്തുമുള്ള വിവിധ പ്രദേശങ്ങളിൽനിന്നായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇരുമുടിക്കെട്ടുമേന്തി സ്ത്രീപുരുഷ ഭേദമന്യേ തപോഗിരിയിലേക്ക് എത്തുന്നത്.
നവംബർ 6 ന് രാവിലെ ആറിന് തപോഗിരി മുഖ്യാചാര്യൻ സ്വാമി കൃഷ്ണദാസ് തൃക്കൊടിയേറ്റുന്നതോടെ തീർത്ഥാടന പരിപാടികൾക്ക് തുടക്കമാകും. നവംബർ 17 ന് നടക്കുന്ന ചടങ്ങുകളാണ് മുഖ്യ തീർത്ഥാടന ദിനമായി ആചരിക്കുന്നത്. അന്നേദിവസം പള്ളിക്കെട്ട് സ്വീകരണം ഉൾപ്പെടെയുള്ള വിശേഷാൽ ചടങ്ങുകൾ നടക്കും.
തീർത്ഥാടന ദിവസങ്ങളിൽ പ്രഭാതഭേരി, ഗുരുപൂജ, ദീപാരാധന, ദീപക്കാഴ്ച്ച, വിശേഷാൽ ആരാധനകൾ, ആത്മീയ പ്രഭാഷണങ്ങൾ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. തീർത്ഥാടനത്തോടനുബന്ധിച്ച് നവംബർ 17 ന് സംഘടിപ്പിക്കുന്ന സമ്മേളനം കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ആത്മബോധോദയസംഘം കർമ്മകർത്താവ് സ്വാമി സൂക്ഷ്മാനന്ദ അദ്ധ്യക്ഷത വഹിക്കും. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൻ്റെ ഭാഗമായി വയോജനങ്ങളെയും എസ്.എസ്.എൽ.സി, പ്ലസ്. ടൂ, എം.ബി.ബി.എസ്, നെറ്റ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കും. ആത്മബോധോദയ സംഘം ജനറൽ സെക്രട്ടറി കെ. സുധാകരൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. വർത്താ സമ്മേളനത്തിൽ കെ സുധാകരൻ, കെ തങ്കപ്പൻ, മഹി മനോജ്, സിജു മോൻ വി ടി, അർ ബിജു എന്നിവർ പങ്കെടുത്തു.




































































































































