കായിക മേളയിലെ പുഴു വിവാദത്തിൽ അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം

സംസ്ഥാന സ്കൂൾ കായിക മേളയിലെ പുഴു വിവാദത്തില്‍ അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം. കുന്നമംഗലം ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ജിജോ ജെയിംസിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കുന്നതുള്പ്പെടെയുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം. ഒന്നും പറയാനില്ലെന്നായിരുന്നു ജയിലില്‍ നിന്നും പുറത്തിറങ്ങിയ അധ്യാപകന്റെ പ്രതികരണം.
ഉച്ചഭക്ഷണത്തിനൊപ്പം നല്കിയ സാമ്പാറില്‍ പുഴു ഉണ്ടെന്നാരോപിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ച കേസിലാണ് എറണാകുളം വെസ്റ്റ് വെങ്ങോല ശാലോം വി എച്ച് എസ് എസിലെ കായികാധ്യാപകന് ജിജോ ജെയിംസിനെ ഇക്കഴിഞ്ഞ 29 തിന് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കുന്നതിനും മേളയുടെ സുഗമമായ നടത്തിപ്പ് തടസ്സപ്പെടുത്തുന്നതിനുമായി ബോധപൂർവമായ നീക്കം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. പെരുമ്പാവൂര്‍ സ്വദേശിയായ ജിജോയുടെ രാഷ്ട്രീയ പശ്ചാത്തലവും വലിയ വിവാദമായിരുന്നു.
കോഴിക്കോട് എൻഐടി മൈതാനത്ത് നടന്ന കായികമേളയുടെ ഭക്ഷണവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. കായികതാരങ്ങൾക്കും മറ്റുള്ളവർക്കുമായി തയ്യാറാക്കിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്നായിരുന്നു ആരോപണം. ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് അവകാശപ്പെട്ട് ജിജോ ജെയിംസ് ഫേസ്ബുക്ക് ലൈവിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.




































































































































