സൈബർ സേഫ് കേരളം

2027-ഓടെ സൈബർ ആക്രമണങ്ങളെ അതിജീവിക്കാൻ പ്രാപ്തമായ കേരളം ലക്ഷ്യമിട്ട് കേരള പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനകീയ മുന്നേറ്റമാണ് CLICK (Community Led Initiative for Cyber Resilient Keralam).
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും സൈബർ സുരക്ഷയിൽ ഓരോ പൗരനെയും പങ്കാളിയാക്കുന്നതിനും ലക്ഷ്യമിടുന്ന ഈ സംരംഭത്തിന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും കേരള പൊലീസിനൊപ്പം കൈകോർക്കുന്നു.
സൈബർ ഭീഷണികളെ തിരിച്ചറിയാനും ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സ്വയം സംരക്ഷിക്കാനും സൈബർ സുരക്ഷയുടെ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കാനുമുള്ള കൂട്ടായ പരിശ്രമമാണ് CLICK. സൈബർ സുരക്ഷ പൊലീസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ പൗരനും അതിൽ നിർണായക പങ്കുവഹിക്കാനുണ്ടെന്നും ഈ ജനകീയ മുന്നേറ്റം ഓർമിപ്പിക്കുന്നു.
CLICK പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് ഒക്ടോബർ 31-ന് രാവിലെ 9.30-ന് കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
സൈബർ സുരക്ഷിത കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ഈ ചരിത്രനിമിഷത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും അഭ്യർഥിക്കുന്നു.
ഓൺലൈനിൽ കസ്റ്റമർ കെയർ നമ്പറുകൾ തിരയുമ്പോൾ ലഭിക്കുന്ന എല്ലാ നമ്പറുകളും ഔദ്യോഗികമാണെന്ന് കരുതരുത്. സെർച്ച് എൻജിനുകളിലും വെബ്സൈറ്റുകളിലും പ്രചരിക്കുന്ന വ്യാജ നമ്പറുകൾ ഉപയോഗിച്ച് തട്ടിപ്പുകാർ നിങ്ങളുടെ പണവും വ്യക്തിഗത വിവരങ്ങളും കവർന്നെടുത്തേക്കാം. ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
🔹 ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു മാത്രം കസ്റ്റമർ കെയർ നമ്പറുകൾ ഉറപ്പാക്കുക.
🔹 ഫോണിൽ വിളിക്കുന്നവരുമായി OTP, ATM PIN, CVV, UPI PIN, ബാങ്ക് വിവരങ്ങൾ എന്നിവ പങ്കുവയ്ക്കരുത്.
🔹 പണം സ്വീകരിക്കാനെന്ന പേരിൽ ആവശ്യപ്പെടുന്ന QR കോഡുകൾ സ്കാൻ ചെയ്യുകയോ UPI PIN നൽകുകയോ ചെയ്യരുത്.
🔹 സംശയാസ്പദമായ ലിങ്കുകളിലും വെബ്സൈറ്റുകളിലും വിശ്വസിക്കരുത്.
ഒരു നിമിഷത്തെ അശ്രദ്ധ നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടുത്താം. ജാഗ്രത പാലിക്കുക, സൈബർ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരാകുക. ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം ഈ വിവരം സൈബർ ഹെല്പ് ലൈൻ നമ്പറായ 1930 ലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ അറിയിക്കുക.




































































































































