വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിൽ രോഹിത് നയിക്കും; അയ്യർ, ഗെയ്‌ക്‌വാദ്, ഹർഷൽ, ആവേശ് ടീമിൽ, സഞ്ജു എ ടീമിലുമില്ല!
മുംബൈ∙ അഭ്യൂഹങ്ങൾക്കും ആകാംക്ഷാനിർഭരമായ കാത്തിരിപ്പിനും വിട. വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിൽ ഇന്ത്യൻ ട്വന്റി20 ടീമിനെ ഇനി മുതിർന്ന താരം രോഹിത് ശർമ നയിക്കും. രോഹിത്തിന്റെ നേതൃത്വത്തിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ.എൽ. രാഹുലാണ് വൈസ് ക്യാപ്റ്റൻ. ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.
ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിൽ) 14–ാം സീസണിൽ തിളങ്ങിയ ഋതുരാജ് ഗെയ്‌ക്‌വാദ്, ഹർഷൽ പട്ടേൽ, വെങ്കടേഷ് അയ്യർ, ആവേശ് ഖാൻ തുടങ്ങിയവർ ടീമിൽ ഇടംപിടിച്ചു. മുഴുവൻ സമയ പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിനു കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ഇത്. നവംബർ 17ന് ജയ്പുർ, 19ന് റാഞ്ചി, 21ന് കൊൽക്കത്ത എന്നിവിടങ്ങളിലാണ് ട്വന്റി20 മത്സരങ്ങൾ.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിനെയും പ്രഖ്യാപിച്ചു. ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചലാണ് ക്യാപ്റ്റൻ. മൂന്ന് ചതുർദിന മത്സരങ്ങളാണ് ഇന്ത്യൻ എ ടീം ദക്ഷിണാഫ്രിക്കയിൽ കളിക്കുക. നവംബർ 23 മുതൽ ഡിസംബർ ഒൻപതു വരെയാണ് മത്സരങ്ങൾ. ട്വന്റി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന രാഹുൽ ചാഹറിനെ എ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യയിലെ അതിവേഗ ബോളറെന്ന് പേരെടുത്ത ജമ്മു കശ്മീർ താരം ഉമ്രാൻ മാലിക്കും എ ടീമിൽ ഇടംനേടി. മലയാളി താരം സഞ്ജു സാംസണിന് രണ്ടു ടീമിലും ഇടമില്ല.
ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സമ്പൂർണ അഴിച്ചുപണി നടത്തിയാണ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞ നായകൻ വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ചു. ലോകകപ്പ് ടീമിൽനിന്ന് തഴഞ്ഞ യുസ്‌വേന്ദ്ര ചെഹൽ, ശ്രേയസ് അയ്യർ തുടങ്ങിയവർ കിവീസിനെതിരെ പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തി. അതേസമയം, ലോകകപ്പ് ടീമിൽ ഇടമില്ലാതിരുന്ന ശിഖർ ധവാനെ ഇത്തവണയും പരിഗണിച്ചില്ല. ലോകകപ്പ് ടീമിലുണ്ടായിരുന്ന ഷാർദുൽ ഠാക്കൂറിനും ടീമിൽ ഇടംലഭിച്ചില്ല.
ഐപിഎലിൽ തിളങ്ങിയ ഋതുരാജ് ഗെയ്‌ക്‌വാദ്, ഹർഷൽ പട്ടേൽ, വെങ്കടേഷ് അയ്യർ, ആവേശ് ഖാൻ തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. നീണ്ട കാലത്തിനുശേഷം ടീമിൽ തിരിച്ചെത്തിയ രവിചന്ദ്രൻ അശ്വിൻ സ്ഥാനം നിലനിർത്തി. ലോകകപ്പ് ടീമിൽ ഇടമില്ലാതിരുന്ന മുഹമ്മദ് സിറാജും ടീമിൽ തിരിച്ചെത്തി.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കടേഷ് അയ്യർ, യുസ്‌വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീം: പ്രിയങ്ക് പഞ്ചൽ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അഭിമന്യൂ ഈശ്വരൻ, ദേവ്ദത്ത് പടിക്കൽ, സർഫറാസ് ഖാൻ, ബാബാ അപരാജിത്, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പർ), കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, സൗരഭ് കുമാർ, നവ്ദീപ് സെയ്നി, ഉമ്രാൻ മാലിക്ക്, ഇഷാൻ പോറെൽ, അർസാൻ നഗ്വാസ്‌വല്ല
English Summary: India’s squad for T20Is against New Zealand & India ‘A’ squad for South Africa tour announced