തണുപ്പിലും കുളിരിലും വിറച്ച് മൂന്നാർ, കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസ്; ഒരാഴ്ചയ്ക്കുള്ളിൽ മൈനസിലെത്തിയേക്കാം

മൂന്നാർ∙ മഴയ്ക്കു ശമനമായതോടെ മൂന്നാറിൽ ശൈത്യകാലത്തിനു തുടക്കമായി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ 6 ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിലാണ് ഇന്നലെ പുലർച്ചെ താപനില 6 ഡിഗ്രി രേഖപ്പെടുത്തിയത്. കുണ്ടള, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ 8 ഡിഗ്രി സെൽഷ്യസായിരുന്നു ഏറ്റവും താഴ്ന്ന താപനില. വിദൂര തോട്ടം മേഖലകളായ ലാക്കാട്, ചെണ്ടുവര, ചിറ്റുവര, തെന്മല, ലക്ഷ്മി എന്നിവിടങ്ങളിലും ഇന്നലെ പുലർച്ചെ ശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്. താപനില 5 ഡിഗ്രിയിലും താഴെയെത്തിയതായാണു സൂചന. പകൽ ചൂട് 20– 25 ഡിഗ്രി സെൽഷ്യസാണെങ്കിലും 2 ദിവസമായാണു രാത്രിയിലും പുലർച്ചെയും ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. ഇലയിലും പുൽമേടുകളിലും വെള്ളം ഉറഞ്ഞ് മഞ്ഞുകണങ്ങൾ പിടിച്ച നിലയിലാണ്. വൈകുന്നേരം കോടമഞ്ഞുമുണ്ട്. ഇതേ കാലാവസ്ഥ തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ താപനില മൈനസിലെത്തിയേക്കാം.




































































































































