കേരള സ്കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴു; പരാതി നല്കി രക്ഷിതാക്കള്‍

കേരള സ്കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. പ്രഭാത ഭക്ഷണത്തിലാണ് പുഴു കണ്ടെത്തിയത്. രക്ഷിതാക്കള്‍ പരാതി നല്കി. ഇന്നലെ കുട്ടികള്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് സംഘാടകരെ വെട്ടിലാക്കി പുതിയ ആരോപണം.
പ്രഭാതഭക്ഷണമായി പുട്ടും പഴവുമാണ് നല്‍കിയിരുന്നത്. അതിലാണ് പുഴുവിനെ കണ്ടെത്തിയത്. പിന്നാലെ പരാതി നല്‍കുകയും ചെയ്തു.
അതേസമയം, ഭക്ഷണത്തില്‍ പുഴു കണ്ടെത്തിയെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി എന്‍ ഷംസുദ്ദീന് പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ കായികമേളയെ പ്രോത്സാഹിപ്പിക്കണമെന്നും മറിച്ച് പരാതി പറയുകയല്ല വേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെ ഉണ്ടായ ചെറിയ പിഴവുകള്‍ ഇന്ന് പരിഹരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണത്തില്‍ അടക്കം ചെറിയ പിഴവുകള്‍ ഉണ്ടായി. ഇന്ന് രണ്ടായിരത്തിലധികം പേര്‍ക്ക് അധികം ഫംഗ്ഷന് ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണശാലയ്ക്ക് പുറത്ത് തണല്‍ ഒരുക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു. ഇനി ഭക്ഷണം കാര്‍ഡ് ഉപയോഗിച്ച് കഴിക്കാന്‍ സാധിക്കും. ലൈറ്റിംഗ് സംവിധാനം കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഘാടന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ മുന്നോട്ട് നീങ്ങുന്നു. എല്ലാം നേരിട്ട് കണ്ട് നിയന്ത്രിക്കുന്നുണ്ട്. വലിയ മേള നടക്കുമ്പോള്‍ സ്വാഭാവികമായും ചെറിയ പോരായ്മകള്‍ വരാം. അത് പരമാവധി ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ട് – അദ്ദേഹം പറഞ്ഞു.




































































































































