മെഡിക്കൽ കോളജിൽ ഐപി വിഭാഗം 13 മുതൽ
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിൽ ഐപി വിഭാഗം 13ന് ആരംഭിക്കാൻ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനം. ആശുപത്രി അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായിരിക്കും. ഇതിനു മുന്നോടിയായി ഐപി ബ്ലോക്കിൽ അവശേഷിക്കുന്ന പണികൾ ഈ ആഴ്ച തന്നെ പൂർത്തിയാക്കുന്നതിനും യോഗം തീരുമാനിച്ചു. ജീവനക്കാരുടെ കുറവു മൂലം നിലച്ച ആർടിപിസിആർ ടെസ്റ്റും 13നു പുനരാരംഭിക്കും.
കഴിഞ്ഞമാസം പിരിച്ചു വിട്ട താൽക്കാലിക ജീവനക്കാരെ ഒഴിവുള്ള തസ്തികകളിൽ വീണ്ടും നിയമിക്കും. ഇവർക്കു ശമ്പളം നൽകുന്നതിന് എച്ച്എംസി ഫണ്ട് വിനിയോഗിക്കും. ഇതിന്റെ ഭാഗമായി ആംബുലൻസ് ചാർജ്, ലബോറട്ടറി ഫീസ്, എക്സ്റേ ഫീസ്, മുറി വാടക, സിടി സ്കാൻ ഫീസ് എന്നിവ ഉയർത്തി വരുമാനം വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. നിലവിലുള്ള കുടിശികയും ഐപി ബ്ലോക്ക് ആരംഭിക്കാനുള്ള പ്രാഥമിക ചെലവുകളും പുതിയതായി നിയമിക്കുന്ന ജീവനക്കാർക്കുള്ള ശമ്പളവും താൽക്കാലികമായി ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽനിന്നു കണ്ടെത്തും.
പുതിയ കന്റീൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ ആരംഭിക്കും. ഐപി ബ്ലോക്കിൽ പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ശുചീകരണ സൗകര്യങ്ങൾ ഒരുക്കുന്നതിനും കിറ്റ്കോയെ ചുമതലപ്പെടുത്തി. രണ്ടാംഘട്ട നിർമാണം മാർച്ചിനു മുൻപ് പൂർത്തിയാക്കാൻ നിർദേശവും നൽകി. പുതിയ മെഡിക്കൽ കോളജ് മന്ദിരത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി തെരുവുവിളക്കുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
ഇടുക്കിയിൽ നിയമിച്ചിട്ടും ചുമതലയേൽക്കാത്ത ജീവനക്കാരും വർക്കിങ് അറേഞ്ച്മെന്റിൽ മറ്റ് ആശുപത്രികളിൽ ജോലി ചെയ്യുന്നവരും ഉടൻ മെഡിക്കൽ കോളജിൽ ചുമതലയേൽക്കുമെന്ന് ഉറപ്പാക്കാൻ യോഗം ഡിഎംഒയെ ചുമതലപ്പെടുത്തി. കലക്ടർ അധ്യക്ഷത വഹിച്ചു. കേരളപ്പിറവി ദിനത്തിൽ മെഡിക്കൽ കോളജിൽ ഐപി വിഭാഗം ആരംഭിക്കുമെന്ന ആരോഗ്യ മന്ത്രിയുടെയും ജലവിഭവ മന്ത്രിയുടെയും പ്രഖ്യാപനം നടപ്പാക്കാത്തതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.