ഇന്ന് വിജയദശമി; കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്, മൂകാംബികയിലടക്കം വൻ ഭക്തജനത്തിരക്ക്

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ പൂർണത കുറിച്ചുകൊണ്ട് ഇന്ന് വിജയദശമി. വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകളുടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യയുടെയും വാഗ്ദേവതയുടെയും അധിഷ്ഠാത്രിയായ മൂകാംബിക ദേവിയുടെ സന്നിധിയിലെത്തി തങ്ങളുടെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമായാണ് ഭക്തർ കാണുന്നത്.
പുലർച്ചെ മുതൽതന്നെ ആയിരക്കണക്കിന് ഭക്തരാണ് കുരുന്നുകളുമായി ആദ്യാക്ഷരം കുറിക്കാനായി ക്ഷേത്രത്തിലെത്തിയത്. ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി റെഗുലേറ്ററി കമ്മിറ്റിയും ക്ഷേത്ര ഭരണസമിതിയും വിപുലമായ സൗകര്യങ്ങളാണ് കൊല്ലൂരിൽ ഒരുക്കിയിരിക്കുന്നത്. സാധാരണമായി വിദ്യാരംഭ ചടങ്ങുകൾ നടക്കാറുള്ള സരസ്വതി മണ്ഡപത്തിനു പകരം വിജയദശമി ദിനത്തിലെ വലിയ ഭക്തജനത്തിരക്ക് പരിഗണിച്ച് ഇത്തവണ മഹാചണ്ഡികായാഗം നടക്കുന്ന വിശുദ്ധമായ യാഗശാലയിലാണ് പ്രധാന ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്. യാഗശാലയ്ക്ക് അകത്തും പുറത്തുമായി നിരന്നിരിക്കുന്ന ആചാര്യന്മാരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്.
വർഷത്തിൽ ഏതു ദിവസവും വിദ്യാരംഭം നടത്താവുന്ന പ്രശസ്തമായ വടക്കൻ പറവൂർ മൂകാംബികാ ക്ഷേത്രത്തിലും വിദ്യാരംഭത്തിന് തുടക്കമായി. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചരയോടെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. ഇതുകൂടാതെ കോട്ടയംപനച്ചിക്കാട് ക്ഷേത്രം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, എന്നിവിടങ്ങളിലും വിദ്യാരംഭം പുരോഗമിക്കുന്നു.




































































































































