പ്ലാസ്റ്റിക് പുനരുപയോഗത്തിൻ്റെ നേർകാഴ്ച; ശ്രദ്ധനേടി ‘ഐലവ് ചെമ്മണ്ണാർ’

പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം വളർത്തുന്നതിനായി ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വേറിട്ടൊരു മാതൃക തീർത്തു. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പി അടപ്പുകൾ പുനരുപയോഗിച്ച് ‘ഐ ലവ് ചെമ്മണ്ണാർ’ (I Love Chemmannar) എന്ന മനോഹരമായ സെൽഫി പോയിന്റാണ് നിർമ്മിച്ചിരിക്കുന്നത്.ചെമ്മണ്ണാർ ടൗണിൻ്റെ ഹൃദയഭാഗത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.12 അടി പൊക്കത്തിൽ 15 അടി വീതിയിൽ നിർമ്മിച്ച ഈ സർഗാത്മക നിർമ്മിതിയിൽ
ഏകദേശം 6,500 എണ്ണം പ്ലാസ്റ്റിക് കുപ്പി അടപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. തകിടിൽ അക്ഷരങ്ങൾ വെട്ടിയെടുത്ത് അതിൽ പശ ഉപയോഗിച്ച് അടപ്പുകൾ ഒട്ടിച്ച് പെയിൻ്റടിച്ച് ഇരുമ്പ്കാലിൽ ഉറപ്പിച്ചുവച്ചാണ് ഇത് പൂർത്തികരിച്ചത്.നാടിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നവർക്കും യാത്രക്കാർക്കും ഒരുപോലെ ആകർഷകമായ ഈ സെൽഫി പോയിന്റ്, പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമാണ് പകരുന്നത്. മാലിന്യ സംസ്കരണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനും കൃത്യമായ മാലിന്യ സംസ്കരണ ശീലങ്ങൾ ജീവിതത്തിൽ പകർത്താനും ഇത്തരം വേറിട്ട കാഴ്ചകൾ വലിയ അളവിൽ സഹായിക്കും.
സ്കൂൾ മാനേജർ ഫാദർ ഫ്രാൻസിസ് ചുനയംമാക്കൽ, പ്രിൻസിപ്പൽ അഗസ്റ്റിൻ എം. എ., അധ്യാപകരായ റെനി ജോസഫ്,മനോജ് തോമസ്എന്നിവരാണ് ഈ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പാഴായിപ്പോകുന്ന വസ്തുക്കൾ കൊണ്ട് മനോഹരവും ഉപയോഗപ്രദവുമായ രീതിയിൽ നിർമ്മിതികൾ നടത്താമെന്ന് തെളിയിക്കുകയാണ് ഈ കൂട്ടായ്മ. വിദ്യാലയത്തിലെ അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനത്തിന്റെയും സർഗ്ഗാത്മകതയുടെയും ഫലമായി ഉയർന്നുവന്ന ഈ സെൽഫി പോയിന്റ് ഇപ്പോൾ നാട്ടുകാരുടെയും സഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പികളിൽ നിറച്ച് മനോഹരങ്ങളായ ഇരിപ്പിടങ്ങൾ സ്കൂൾ ക്യാമ്പസിൽ ഇതിന് മുൻപ് നിർമ്മിച്ചിരുന്നു.




































































































































