ഏഴാം ക്ലാസ് മുതലുള്ള അടുപ്പം, ഒഴിവാക്കാൻ കൊലപാതകം; മൂന്നാറില് 18 കാരിയെ കൊലപ്പെടുത്തിയത് 19 കാരൻ

അടിമാലി ∙ ഇടുക്കി കരിമണൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പാംബ്ല ചെക്പോസ്റ്റിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. 18 കാരിയെ കൊലപ്പെടുത്തിയത് 19 കാരൻ. തമിഴ്നാട് ബോഡിനായ്ക്കന്നൂർ പരമശിവം കോവിൽ സ്ട്രീറ്റ് സ്വദേശി പാണ്ടി മുനിയാണ്ടിയുടെ മകൾ നിത്യ (18) യുടെ മൃതദേഹം ആണ് കഴിഞ്ഞ 14ന് നേര്യമംഗലം– ഇടുക്കി റോഡിൽ പാംബ്ല ചെക് പോസ്റ്റിന് സമീപം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺ സുഹൃത്ത് രാജകുമാരി വട്ടപ്പാറ ബി ഡിവിഷൻ അംബേദ്കർ കോളനി സ്വദേശി നിഷാന്ത് (19) നെ ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രണയത്തിലായിരുന്ന യുവതിയെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ. ബോഡിനായ്ക്കന്നൂരിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഇരുവരും അടുപ്പത്തിലായി. 2023 മുതൽ പ്രണയത്തിലായി. ഒന്നര വർഷം മുൻപ് നിഷാന്തിന്റെ വീട്ടിൽ നിത്യ എത്തി. നിത്യയ്ക്ക് പ്രായപൂർത്തിയാകാത്തതിനാൽ വീട്ടുകാർ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് യുവതിയുടെ ബന്ധുക്കളെ വിളിച്ചു വരുത്തി മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. വീണ്ടും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു. ഇതിനിടെ ഉണ്ടായ കലഹത്തെ തുടർന്ന് ബന്ധത്തിൽ നിന്ന് ഒഴിവാകാൻ യുവാവ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുവതിയുടെ ഫോൺനമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് കഴിഞ്ഞ 12ന് യുവതി പൂപ്പാറയിൽ എത്തി മറ്റൊരു നമ്പറിൽ നിന്ന് നിഷാന്തിനെ വിളിച്ചു.
ഇയാൾ ഫോൺ എടുത്തതോടെ യുവതിയാണെന്ന് മനസ്സിലായി. താൻ തിരികെ പോകില്ലെന്നും വിവാഹം നടത്തണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതോടെയാണ് യുവതിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാൾ ഓട്ടോറിക്ഷയിൽ പൂപ്പാറയിൽ എത്തി യുവതിയെ കയറ്റി സമീപത്തുള്ള തേയില തോട്ടത്തിൽ എത്തിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മുഖത്തും, തലയിലും ഇടിച്ച് മരണം ഉറപ്പാക്കി. അന്നുതന്നെ രാത്രി സ്വന്തം ഓട്ടോറിക്ഷയിൽ യുവതിയെ പ്ലാംബ്ലയിൽ എത്തിച്ച് വാഹനത്തിൽ കരുതിയിരുന്ന പട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. പിന്നീട് കൈവശം ഉണ്ടായിരുന്ന 2 ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് പ്രതി വീട്ടിലേക്ക് മടങ്ങി.
ഇതിനിടെ യുവതിയെ വീട്ടിൽ നിന്ന് കാണാതായതു സംബന്ധിച്ച് ബന്ധുക്കൾ ബോഡിനായ്ക്കന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പാംബ്ലയ്ക്ക് സമീപം യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ വാർത്ത മാധ്യമങ്ങളിൽ നിന്നത് വട്ടവട സ്വദേശിയായ ബന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടു. നിത്യയുടെ വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. കൈവിരലിൽ നീട്ടിയ നഖങ്ങളും മൃതദേഹത്തിൽ കാണപ്പെട്ട സാരിയുടെ അംശവുമാണ് മൃതദേഹം നിത്യയുടേതാണെന്ന് ഉറപ്പിക്കാൻ സാഹചര്യമൊരുക്കിയത്.
ഇതോടെ ജില്ല പൊലീസ് മേധാവി ഡോ. എ. നസീമിന്റെ നിർദേശ പ്രകാരം ഇടുക്കി ഡിവൈഎസ്പി കെ.ആർ മോഹൻദാസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച രാത്രി രാജകുമാരി ഖജനാപ്പാറയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. ഇതിനിടെ യുവതിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കൊലപാതകത്തിൽ ദുരൂഹത ഉണ്ടെന്നും കൂടുതൽ പേർ കൊലപാതകത്തിന് പിന്നിൽ ഉണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.




































































































































