സിപിഎം ഹർത്താൽ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്തതിൻ്റെ പേരിൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി.

നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്തതിൻ്റെ പേരിൽ ഹർത്താൽ നടത്തി ജനങ്ങളെ ദ്രോഹിക്കാനുള്ള സിപിഎം തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
പത്തുവർഷം ഭരണം നടത്തി ജനങ്ങളെ ശ്വാസംമുട്ടിച്ചവരാണ് കേവലം 120 ദിവസം മാത്രം ഭരണം നടത്തിയ യുഡിഎഫിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 10 വർഷം തുടർച്ചയായി ഭരിച്ചിട്ടും ഇഎസ്എ (ESA) പ്രശ്നത്തിൽ തീരുമാനം ഉണ്ടാക്കാൻ കഴിയാത്തതിന്റെ ധാർമിക ഉത്തരവാദിത്വം ഇടതുപക്ഷം ഏറ്റെടുക്കണം. പത്തു വർഷത്തിനിടയിൽ ഈ വിഷയത്തിൽ ഒരു നിലപാട് പോലും സ്വീകരിക്കാൻ കഴിയാത്തവരാണ് ഇപ്പോൾ ഹർത്താലുമായി ഇറങ്ങിയിരിക്കുന്നത്.
ഇഎസ്എ വിഷയത്തിൽ യുഡിഎഫിന്റെയും സർക്കാരിൻ്റെയും നിലപാട് വളരെ വ്യക്തമാണ്.
കേരളത്തിൽ ഇഎസ്എയുടെ വിസ്തൃതി 8590 ചതുരശ്ര കിലോമീറ്ററായിരിക്കും.ഇഎസ്എ വനാതിർത്തിക്കുള്ളിൽ മാത്രം പരിമിതപ്പെടുത്തും.
സിഎച്ച്ആർ (CHR) റവന്യൂ ഭൂമിയായതിനാൽ ഇഎസ്എയിൽ ഉൾപ്പെടുത്തില്ല.
ഇടുക്കി ജില്ലയിൽ 28 വില്ലേജുകൾ ഇഎസ്എയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്, ഈ വില്ലേജുകളിലുള്ള വനപ്രദേശം മാത്രമേ ഇഎസ്എ ആയി പരിഗണിക്കുകയുള്ളൂ.
ഈ വ്യവസ്ഥകൾക്ക് അനുസൃതമായി കേരള സർക്കാർ കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ തന്നെ വില്ലേജ് തിരിച്ചുള്ള കെഡസ്ട്രൽ മാപ്പ് ബന്ധപ്പെട്ട സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ഇക്കാര്യത്തിൽ ഏത് ഭാഗമാണ് സിപിഎമ്മിന് മനസ്സിലാകാത്തതെന്ന് ചൂണ്ടിക്കാണിച്ചാൽ മറുപടി നൽകാം.
ഇടതുപക്ഷം ചില കാര്യങ്ങളിൽക്കൂടി വ്യക്തത വരുത്തേണ്ടതുണ്ട്.
ഇത്തരത്തിൽ ജനങ്ങളെ വഞ്ചിച്ചവർ നടത്തുന്ന ഹർത്താൽ ജനങ്ങൾ പുച്ഛത്തോടെ തള്ളിക്കളയുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
വാർത്ത സമ്മേളനത്തിൽ
ജോയി വെട്ടിക്കുഴി, അഡ്വ.കെ ജെ ബെന്നി , തോമസ് മൈക്കിൾ , അഡ്വ തോമസ് പെരുമന, ജോയി കുടക്കച്ചിറ എന്നിവർ പങ്കെടുത്തു.




































































































































