അമേരിക്കയിൽ ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താനെത്തി 19-കാരൻ; തോക്ക് തകരാറിലായി, ലക്ഷ്യം പൂർത്തിയായില്ല, പിന്നാലെ അറസ്റ്റ്

അമേരിക്കയിലെ ഇല്ലിനോയ്സിലുള്ള ഒറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ വൻ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ട 19 വയസ്സുകാരൻ അറസ്റ്റിൽ. അക്രമത്തിനായി പൂർണ്ണ സജ്ജനായി ക്ഷേത്രത്തിലെത്തിയ പ്രതി വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് തകരാറിലായതിനെത്തുടർന്ന് അക്രമം നടത്താനാവാതെ രക്ഷപ്പെടുകയായിരുന്നു. എന്നാൽ പ്രതിയായ അലക്സാണ്ട്രോസ് പാപ്പോരാക്കിസ് എന്ന യുവാവിനെ ഒക്ടോബർ 11ന് പോലീസ് അറസ്റ്റ് ചെയ്തു.
പലാറ്റൈനിലെ ‘ടാക്കോ ബെൽ’ ഔട്ട്ലെറ്റിൽ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു പാപ്പോരാക്കിസ്. വെളുത്ത വംശജരാണ് സമൂഹത്തിലെ മുൻനിരയിൽ നിൽക്കേണ്ടവരെന്ന ചിന്താഗതിയായിരുന്നു ഇയാൾക്കുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ 11 ഞായറാഴ്ച ‘പ്രത്യേകതയുള്ള ഒരു ദിവസമായിരിക്കും’ എന്ന് ഇയാൾ സഹപ്രവർത്തകരോട് മുൻകൂട്ടി പറഞ്ഞിരുന്നു. ആക്രമണം നടത്താൻ പദ്ധതിയിട്ട യുവാവ് ആയുധങ്ങളുമായി ക്ഷേത്രത്തിലെത്തി. വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് പ്രവർത്തിക്കാതായതിനെ തുടർന്ന് ഉടൻ തന്നെ അവിടെനിന്ന് ഓടിരക്ഷപ്പെട്ടു. പിന്നാലെ വീട്ടിലെത്തിയ ശേഷം തോക്കിന്റെ തകരാർ പരിഹരിക്കാൻ ഇയാൾ ഇന്റർനെറ്റിൽ തിരച്ചിൽ നടത്തുകയും, തോക്ക് പ്രവർത്തിക്കാത്തതിന്റെ വീഡിയോയും ചിത്രവും സഹപ്രവർത്തകന് അയച്ചുകൊടുക്കുകയും ചെയ്തു. വിവരമറിഞ്ഞ സഹപ്രവർത്തകരാണ് ഇക്കാര്യം പോലീസിൽ അറിയിച്ചത്.
വിവരം ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിങ്കാഴ്ച വീടിന് സമീപത്തുനിന്ന് മൗണ്ട് പ്രോസ്പെക്ട് പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തത്. വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ എ.ആർ റൈഫിൾ, തിരനിറച്ച മാഗസിനുകൾ, ബോഡി ആർമർ, നാസി ചിഹ്നങ്ങളുള്ള ടാക്റ്റിക്കൽ വെസ്റ്റ്, നൂറുകണക്കിന് വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. ഒപ്പം ‘Why I Fought: A.K.A.: (Aurora shooter’s manifesto)’ എന്ന പേരിൽ എട്ടു പേജുള്ള മാനിഫെസ്റ്റോയും കണ്ടെത്തി.ഇതിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ വംശജർക്കെതിരെയുള്ള വിദ്വേഷവും വധഭീഷണി സന്ദേശങ്ങളും അടങ്ങിയിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യമില്ലാതെ തടങ്കലിൽ വയ്ക്കാൻ ജഡ്ജി ഉത്തരവിട്ടു. ഒക്ടോബർ 30-നാണ് കേസിൽ അടുത്ത വാദം കേൾക്കൽ. ഭീകരാക്രമണ ഭീഷണി മുഴക്കൽ, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ എഫ്.ബി.ഐ അന്വേഷണ സഹായം നൽകുന്നുണ്ട്.മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രമായ ശ്രീ വെങ്കിടേശ്വര സ്വാമി (ബാലാജി) ക്ഷേത്രമാണ് പ്രതി ലക്ഷ്യമിട്ടതെന്ന് കരുതപ്പെടുന്നു. സംഭവത്തെത്തുടർന്ന് രാവിലെ 9 മുതൽ രാത്രി 9 വരെ സായുധ സുരക്ഷ ശക്തമാക്കിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.




































































































































