ഏലപ്പാട്ടം പുതുക്കൽ. കർഷകപക്ഷ നിലപാട് സർക്കാർ സ്വീകരിക്കണം. കേരള കർഷക യൂണിയൻ

ഏലം കുത്തകപാട്ടം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു കമ്മീഷണർ എച്ച്.ദിനേശൻ
റവന്യു സെക്രട്ടറിക്ക് അയച്ച ശിപാർശകളിൽ കർഷകപക്ഷനിലപാട് സ്വീകരിക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു.
ഹെക്ടറിന് 20 വർഷത്തേക്കുള്ള 5000 രൂപ പ്രീമിയം അഞ്ച് വർഷത്തേക്ക് 25000 രൂപയാക്കി ഉയർത്തുക, നിലവിലുള്ള 20 വർഷത്തെ പാട്ടക്കാലാവധി അഞ്ച് വർഷമായി കുറയ്ക്കുക, പാട്ട സ്ഥലത്തിന്റെ വിസ്തീർണ്ണം 25 ഏക്കറിൽ നിന്ന് 10 ഏക്കറായി കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണുള്ളത്.
10 വർഷം ആയുസുള്ള ഏലച്ചെടികൾ നടാൻ അഞ്ച് വർഷത്തേക്ക് പാട്ടത്തിന് കൊടുക്കുന്നത് ശരിയല്ല.
ഏലം കൃഷി തകർന്നാൽ ആയിരക്കണക്കിന് കർഷകരും തൊഴിലാളികളും പെരുവഴിയിലാകും. ഏലം മേഖലയിലെ ജനജീവിതത്തെയും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കും.
അതിനാൽ കർഷക സംഘടനകളുടെ യോഗം വിളിച്ചു കൂട്ടി പ്രായോഗികവും കാലാനുസൃതവും ആയ കർഷകപക്ഷ നിലപാട് സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം കൂടിയായ വർഗീസ് വെട്ടിയാങ്കൽ അഭ്യർത്ഥിച്ചു.




































































































































