ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ, കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ അഡ്വാൻസ് ബുക്കിംഗിന് റെക്കോർഡ് പ്രതികരണം. ബുക്കിങ് ആരംഭിച്ച ആദ്യ ദിനം തന്നെ 4 കോടിയോളം റെക്കോർഡ് പ്രീസെയിൽ ആണ് ചിത്രത്തിന് കേരളത്തിൽ നടന്നത്. പ്രധാന തിയേറ്ററുകളിൽ റിലീസ് ദിനത്തിൽ മാരത്തൺ ഷോകൾ ഒരുക്കാനുള്ള പദ്ധതികളും സജീവമാണ്. തൃശൂരിലെ പ്രശസ്ത തീയേറ്റർ ആയ രാഗത്തിൽ ഇതിനോടകം തന്നെ ആദ്യ ദിനം 24 മണിക്കൂർ മാരത്തോൺ ഷോസ് ആണ് ജയിലർ 2-നായി ചാർട്ട് ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 40000 ടിക്കറ്റുകൾക്ക് മുകളിൽ എന്ന നിരക്കിലാണ് ചിത്രത്തിൻ്റെ ടിക്കറ്റ് വിൽപന ആദ്യ മണിക്കൂറുകളിൽ ബുക്ക് മൈ ഷോയിൽ നടന്നത്. മണിക്കൂറിൽ 12000 ത്തിലധികം ടിക്കറ്റുകൾ വിറ്റ് കൊണ്ട് ഡിസ്ട്രിക്ട് ബൈ സൊമാറ്റോ ആപ്പിലും ചിത്രം പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഡിസ്ട്രിക്റ്റ് ആപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിൻ്റെ 12000 ത്തിലധികം ടിക്കറ്റുകൾ ഒരു മണിക്കൂറിൽ വിറ്റു പോകുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, ടിക്കറ്റ് ന്യൂ എന്നീ ആപ്പുകൾ വഴിയും കൗണ്ടർ വിൽപന വഴിയും ചിത്രത്തിൻ്റെ 1 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ മാത്രം വിറ്റ് പോയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. ചിത്രം ഒക്ടോബർ 15 ന് ആഗോള റിലീസായി എത്തും. കേരളത്തിലെ എണ്ണൂറോളം സ്ക്രീനുകളിൽ റെക്കോർഡ് റിലീസായി ആണ് ചിത്രമെത്തുന്നത്.
ബുക്ക് മൈ ഷോയിൽ ഇപ്പോഴും ട്രെൻഡിങ്ങായി തുടരുന്ന ചിത്രത്തിന്, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ ആപ്പിൽ മോസ്റ്റ് ഹൈപ്പ്ഡ് ബാഡ്ജും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഗംഭീര ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. പല കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ മുഴുവൻ ഷോകളും ഇതിനോടകം ഫുൾ ആയതോടെ കൂടുതൽ ഷോകൾ ചേർക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, കോട്ടയം തുടങ്ങി കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ചിത്രത്തിന് വലിയ ബുക്കിംഗ് ആവേശമാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനം തന്നെ ചിത്രം കാണാനുള്ള ആരാധകരുടെ തിരക്കാണ് ബുക്കിംഗിൽ പ്രതിഫലിക്കുന്നത്. ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പ്രദർശനങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്.




































































































































